കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി നടക്കുന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? ന്യൂസ് ചാനലായ ആജ് തകില്‍ വന്ന വാര്‍ത്തയെന്ന നിലയിലാണ് പ്രചാരണം. വാട്ട്സ് ആപ്പിലും ട്വിറ്ററിലും പ്രചാരണം നടന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു.

 

പ്രചാരണം

 

അണ്‍ലോക്ക് 2 വിന്‍റെ ഭാഗമായി സ്കൂളുകളും കോളേജുകളും തുറക്കുന്നു. മോദി സര്‍ക്കാരിന്‍റെ ഈ സ്ഥാപനങ്ങള്‍ തുറക്കാനനുള്ള നിര്‍ദ്ദേശം നല്‍കി. ഇവ തുറക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇനിയും പുറത്ത് ഇറക്കിയിട്ടില്ല.

എന്ന ടി വി സ്ക്രീന്‍ സ്ക്രോളിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവുമുണ്ട്. ജൂലൈ 31 വരെ സ്കൂളുകളും കോളേജുകളും തുറക്കില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രതികരിച്ചതിനിടയിലാണ് ഈ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടന്നത്.

 

 

വസ്തുത


ആജ് തക്കിന്‍റേതെന്ന് തോന്നിക്കുന്ന രീതിയില്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ചിത്രമാണ് തെറ്റായ സന്ദേശത്തോടെ വ്യാപകമായി പ്രചരിക്കുന്നത്.

 

വസ്തുതാ പരിശോധനാ രീതി


റിവേഴ്സ് ഇമേജ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ചിത്രം വ്യാജമാണെന്ന് തെളിഞ്ഞത്. ആജ് തക് സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്തയില്‍ ഉപയോഗിച്ചിട്ടുള്ള ഫോണ്ട് വ്യാജപ്രചാരണത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിലോ ന്യൂസ് ചാനലിലോ കണ്ടെത്താനും സാധിച്ചില്ല. വസ്തുതാ പരിശോധക വെബ്സൈറ്റായ ബൂം ലൈവാണ് ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയത്. ആജ് തക് ഉപയോഗിക്കുന്ന ഗ്രാഫിക്സിനോട് അടുത്ത് നില്‍ക്കുന്നതാണ് വ്യാജ പ്രചാരണത്തിലുപയോഗിക്കുന്നത്. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച പ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് നിഷേധിച്ചിട്ടുമുണ്ട്. അണ്‍ലോക്ക് 2 ന്‍റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങളില്‍ ജൂലൈ 31 വരെ സ്കൂള്‍ തുറക്കുന്നില്ലെന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

നിഗമനം


ന്യൂസ് ചാനലിന്‍റെ ചിത്രമുപയോഗിച്ച് സ്കൂളുകളും കോളോജുകളും തുറക്കുന്നുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്.