'കൊവിഡ് വാക്സിനായ ഫൈസര്‍ ഉപയോഗിക്കുന്ന വനിതകള്‍ക്ക് വന്ധ്യതയുണ്ടാവുന്നതായി ഫൈസറിന്‍റെ തന്നെ ഗവേഷകന്‍'. ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊവിഡ് 19നെതിരായ ഫൈസര്‍ വാക്സിന്‍ ഉപയോഗം സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നുവോ? ഫൈസറിലെ ഗവേഷക വിഭാഗം ജീവനക്കാരന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിലെ സത്യാവസ്ഥയെന്താണ്. വാക്സിനിലെ പ്രത്യേക ഘടകങ്ങള്‍ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന നിലയിലെ പ്രചാരണം വ്യാജമാണെന്നാണ് എഎഫ്പിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. 

ഫൈസര്‍ റിസര്‍ച്ച് തലവന്‍ പറയുന്നു, കൊവിഡ് വാക്സിന്‍ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണം. എന്ന തലക്കെട്ടോടെയുള്ള സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമാവുന്നത്. വാക്സിനില്‍ സ്പൈക്ക് പ്രോട്ടീനായ സിന്‍സൈറ്റിന്‍ 1 അടങ്ങിയിട്ടുണ്ട്. പ്ലാസന്‍റ നിര്‍മ്മാണത്തിന് നിര്‍ണായകമാണ് ഇത്. വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഇതിനെതിരായും പ്രവര്‍ത്തിക്കുന്നു. സ്ത്രീകളില്‍ വാക്സിന്‍ പ്രോയഗിക്കുന്നത് സിന്‍സൈറ്റിനെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കാന്‍ കാരണമാകുന്നു. ഇത് എത്രകാലത്തേക്ക് എന്ന് വ്യക്തമാകാത്ത രീതിയില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നാണ് പ്രചാരണം. ഫൈസറിലെ റെസ്പിരേറ്ററി റിസര്ച്ച് വിഭാഗം തലവനായിരുന്ന ഡോ മൈക്കല്‍ യീഡോണും ശ്വാസകോശ രോഗ വിദ്ധനുമായ ഡോക്ടര്‍ വോള്‍ഗാങ് വോഡാര്‍ഗും വിശദമാക്കുന്നത് എന്ന പേരിലാണ് പ്രചാരണം

എന്നാല്‍ ഈ പ്രചാരണത്തില്‍ കഴമ്പില്ലെന്നാണ് എഎഫ്പിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. പ്ലാസന്‍റല്‍ പ്രോട്ടീനായ സിന്‍സൈറ്റിന്‍റെ വളരെ ചെറിയൊരും അംശം മാത്രമാണ് വാക്സിനില്‍ ഉപയോഗിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് വാക്സിനിലെ ഘടകങ്ങള്‍ ചെയ്യുന്നത്. വാക്സിന്‍ പരിശോധന നടത്തിയവരില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് തകരാറുകള്‍ ഉണ്ടായില്ലെന്നും ഫൈസറിന്‍റെ ഔദ്യോഗിക വിശദീകരണത്തെ ഉദ്ധരിച്ച് എഎഫ്പി വിശദമാക്കുന്നു. മെസഞ്ചര്‍ റൈബോന്യൂക്ലിക് ആസിഡ് വാക്സിന്‍ പ്രവര്‍ത്തിക്കുന്നത് സിന്‍സൈറ്റിനെതാരായല്ലെന്നും യോര്‍ക്ക് സര്‍വ്വകലാശാല മൈക്രോബയോളജി പ്രൊഫസര്‍ ഡാസന്‍റിലാ ഗൊലേമി കോട്രാ വിശദമാക്കുന്നു. 

ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചാരണം വ്യാജമാണ്.