വാഹനങ്ങളുടെ സ്റ്റിയറിംഗില്‍ കാണുന്ന ചെറിയ തടിപ്പുകളെന്തിനാണ്? കാഴ്ചാ പരിമിതിയുള്ള ഡ്രൈവര്‍മാര്‍ക്ക് ഹോണ്‍ അടിക്കുന്നത് വേഗത്തിലാക്കാന്‍ ഉപയോഗിച്ച ബ്രെയ്ലിപിയിലുള്ള എഴുത്തുകളാണോ അവ? കാഴ്ചാപരിമിതിയുള്ളവരെ സഹായിക്കാന്‍ വേണ്ടിയുള്ള സൂചകങ്ങളാണ് അവയെന്ന നിലയിലുള്ള പ്രചാരണങ്ങളുടെ വസ്തുതയെന്താണ്?

ആയിരക്കണക്കിന് പേരാണ് സ്റ്റിയറിംഗിലെ ഈ തടിപ്പുകള്‍ ബ്രെയ്ലിപിയിലുള്ള സൂചകമാണ് എന്ന നിലയില്‍ ആയിരത്തലധികം മെസേജുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഇപ്പോഴാണ് ഈ തടിപ്പുകളുടെ പിന്നിലെ കാര്യം മനസിലാക്കുന്നത് എന്ന കുറിപ്പോട് കൂടിയ സ്റ്റിയറിംഗിന്‍റെ ചിത്രം പതിനെട്ടായിരത്തിലധികം ആളുകളാണ് പങ്കുവച്ചിട്ടുള്ളത്. ഓഗസ്റ്റ് മധ്യത്തോടെയാണ് ഈ പ്രചാരണം വ്യാപകമായത്.

ഇത്തരം പ്രചാരണത്തില്‍ വസ്തുതയില്ലെന്നാണ് യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. റോയിട്ടേഴ്സിന്‍റെ വസ്തുതാ പരിശോധക വിഭാഗത്തോടാണ് ഇക്കാര്യം എസിഇഎ വിശദമാക്കിയത്. പഴയ വാഹനങ്ങളിലെ ഹോണ് അടിക്കാനായി എവിടെ പ്രസ് ചെയ്യണമെന്ന് അറിയാന്‍ വേണ്ടിയാണ് ഇവ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ആധുനിക വാഹനങ്ങളില്‍ ഇത്തരമൊരു സൂചനയുടെ ആവശ്യമില്ലെന്നും ഇവര്‍ വിശദമാക്കുന്നു. ബ്രെയ്ലിപിയില്‍ ഹോണ്‍ എന്ന് എഴുതുന്നത് ഇത്തരത്തിലല്ലെന്നും ബ്രെയ്ലിപി വിദഗ്ധര്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കാനായി കാഴ്ച സംബന്ധിച്ച ചില മാനദണ്ഡങ്ങളുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.