ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്.  

ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോകിനെ ഇന്ത്യക്ക് പുറമേ ശ്രീലങ്കയും വിലക്കിയോ? ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്. 

പ്രചാരണം

ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലാണ് ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയിൽ ജൂലൈ 1 മുതല്‍ ടിക് ടോക് നിരോധിച്ചതായി പ്രചരിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുടേതാണ് ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള തീരുമാനം. ശ്രീലങ്കന്‍ പ്രസിഡന്‍റിന്റേയും ടിക് ടോക് ആപ്പിന്‍റെ ലോഗോയുടേയും ചിത്രത്തോട് കൂടിയായിരുന്നു വ്യാപകമായി നടന്ന പ്രചാരണം. സിംഹളഭാഷയിലുള്ള കുറിപ്പ് ടിക് ടോക് നിരോധിച്ചു നമ്മുക്ക് ആഘോഷിക്കാമെന്നായിരുന്നു. വെറുപ്പും വൈകൃതവും നിറച്ച വീഡിയോ പ്രചാരണത്തിന് അന്ത്യം എന്നും കുറിപ്പ് വിശദമാക്കുന്നു.

വസ്തുത


ശ്രീലങ്കയില്‍ ടിക് ടോക് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം ഇറക്കിയിട്ടില്ല. ജൂലൈ ഒന്നിന് ശേഷവും രാജ്യത്ത് ടിക് ടോക് ഡൌണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കുന്നതായി എഎഫ്പിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കി.

വസ്തുതാ പരിശോധന രീതി


കൊളംബോയിലുള്ള എഎഫ്പി പ്രതിനിധി ടികി ടോക് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൌണ്‍ലോഡ് ചെയ്ത് ജൂലൈ 3ന് ഉപയോഗിക്കുന്നുണ്ട്. ടിക് ടോക് നിരോധിച്ചതായി സര്‍ക്കാര്‍ അറിയിപ്പുകളില്ലെന്ന് ശ്രീലങ്കന്‍ വിവരാവകാശ വകുപ്പ് ഡയറക്ടര്‍ ഡോ നാലക കുളുവേവ എഎഫ്പിയോട് പ്രതികരിച്ചു. 

നിഗമനം

ഇന്ത്യയില്‍ ചൈനീസ് മൊബൈൽ ആപ്പായ ടിക്ടോക് നിരോധിച്ചതിന് പിന്നാലെ ശ്രീലങ്കയിലും ടിക് ടോക് നിരോധിച്ചുവെന്ന പ്രചാരണം വ്യാജമാണ്