കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ആശ്വാസം പകര്‍ന്നാണ് കൊറോണ വൈറസിന്‍റെ ശേഷി കുറയുന്നുവെന്ന രീതിയിലെ പ്രചാരണം എത്തിയത്. ലോക്ക്ഡൌണും നിയന്ത്രണങ്ങളുംകൊണ്ട് വലഞ്ഞ ജനം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വന്ന പ്രചാരണം വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ കൊറോണ വൈറസിന്‍റെ ശേഷി കുറയുന്നതായി ലോകാരോഗ്യ സംഘടന വിശദമാക്കിയിട്ടുണ്ടോ? അത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളിലെ വസ്തുത എന്താണ്? 

പ്രചാരണം


'ലോകാരോഗ്യ സംഘടനയും ലോകത്തിലെ വിവിധ ആശുപത്രികളും ചേര്‍ന്ന് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് 19 പ്രഹരശേഷി കുറയുന്നതായി കണ്ടെത്തി. അടുത്തിടെ കൊവിഡ് 19 പോസിറ്റീവായവരില്‍ വൈറസിന്‍റെ പ്രഭാവം അപകടകരമായ രീതിയിലല്ല. വെറസ് ബാധിച്ചവരില്‍ രോഗപീഡകളും കുറവാണ്' എന്നാണ് ജൂണ്‍ ആദ്യവാരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വിശദമാക്കുന്നത്.

 

വസ്തുത


കൊവിഡ് 19 വൈറസിന്‍റെ ശേഷി കുറയുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല. ഇറ്റലിയിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള നിരീക്ഷണം പങ്കുവച്ചിരുന്നുവെങ്കിലും ലോകാരോഗ്യ സംഘടന ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇത്തരം കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടന ഇതുവരെ നടത്തിയിട്ടില്ല.

 

വസ്തുതാ പരിശോധന രീതി


ഇത്തരം പ്രചാരണത്തേക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാമിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രതികരണം. അന്തര്‍ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോടാണ് ഡോ മൈക്കല്‍ റിയാന്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും കൊറോണ വൈറസിന്‍റെ ശേഷിയില്‍ കുറവ് വന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഡോ മൈക്കല്‍ റിയാന്‍ വ്യക്തമാക്കുന്ന വീഡിയോ

 

 

നിഗമനം
കൊറോണ വൈറസിന്‍റെ ശേഷി കുറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയെന്ന അവകാശവുമായി നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണ്. 

"