പശ്ചിമ ബംഗാളില്‍ പൊലീസുകാരനെ ആക്രമിക്കുന്ന ബിജെപി ഗുണ്ടകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിലെ വസ്തുതയെന്താണ്? നടുറോഡില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ പൊലീസുകാരനെ മര്‍ദ്ദിക്കുന്ന യുവാവിന്‍റെ ചിത്രമാണ് വൈറലാവുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായ ചിത്രം ബിജെപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയാണ് പ്രചരിച്ചത്.

എന്നാല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളതല്ല ഈ ചിത്രമെന്നും അടുത്തിടെ നടന്ന സംഭവമല്ല ഇതെന്നുമാണ് ചിത്രത്തിന്‍റെ വസ്തുത. റിവേഴ്സ് ഇമേജ് ഇപയോഗിച്ചുള്ള പരിശോധനയില്‍ 2017ല്‍ ഡെയ്ലി മെയില്‍ ഈ ചിത്രം അടങ്ങിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സംഭവത്തിന്‍റേതാണ് ചിത്രം. ആശുപത്രി ഐസിയുവില്‍ വച്ച് പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടയിലെ കാഴ്ചയാണ് പശ്ചിമ ബംഗാളിലെ ബിജെപി ആക്രമമായി പ്രചരിപ്പിക്കുന്നത്. 

2017 ജൂണ്‍ 18 നടന്ന സംഭവത്തേക്കുറിച്ച് മാധ്യമ വാര്‍ത്തകളും വന്നിരുന്നു. അന്ന് നടന്ന് അക്രമം കല്ലേറിലാണ് കലാശിച്ചത്. 200ഓളം കേസുകള്‍ എടുത്ത പൊലീസ് 36 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പശ്ചിമ ബംഗാളില്‍ പൊലീസിനെ ആക്രമിക്കുന്ന ബിജെപി ഗുണ്ടകള്‍ എന്ന പേരില്‍ ഈ ചിത്രമുപയോഗിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണ്.