ഗര്‍ഭിണിയായ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തുന്ന പുരുഷന്‍റെ ചിത്രം പ്രചരിക്കുന്നത് വ്യാജ അവകാശവാദത്തോടെ. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന മറ്റേണിറ്റി ഷൂട്ടിന്‍റെ വിവരണത്തില്‍ ട്വിസ്റ്റ്. ഫോട്ടോഗ്രാഫര്‍ക്ക് പണം നല്‍കിയെങ്കിലും പടമെടുക്കാന്‍ ഗര്‍ഭിണിയായ ഭാര്യ വിസമ്മതിച്ചതിന് പിന്നാലെ പണം മുതലാക്കാന്‍ ഭര്‍ത്താവ് സ്വീകരിച്ച മാര്‍ഗം എന്ന രീതിയിലായിരുന്നു പ്രചാരണം.

സ്പെയിന്‍കാരനയ പുരുഷനാണ് ഫോട്ടോഷൂട്ടിലെ താരം. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പുള്ളതാണ് നിലവില്‍ വൈറലായിരിക്കുന്ന ചിത്രം. 2017ലാണ് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച വാര്‍ത്ത ഡെയ്ലി മെയില്‍ പ്രസിദ്ധീകരിക്കുന്നത്. സ്പെയിനിലെ മലാഗാ സ്വദേശിയായ ഫ്രാന്‍സിസ്കോ പെരേസാണ് ഈ ചിത്രത്തിലുള്ളതെന്നാണ് വാര്‍ത്ത വ്യക്തമാക്കുന്നത്. ഫ്രാന്‍സിസ്കോ യുടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ മാര്‍ട്ടിന്‍ വില്‍കെസാണ് ചിത്രങ്ങളെടുത്തത്. 2016ലാണ് ഈ ചിത്രങ്ങളെടുത്തതെന്ന് മാര്‍ട്ടിന്‍ വില്‍കെസിന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്ന് വ്യക്തമാകും. അടുത്തിടെ ആ ഫോട്ടോഷൂട്ടിലേക്ക് ഏതാനും ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തിന് പിന്നാലെയാണ് ചിത്രം വൈറലായത്. 

മകളുടെ പേര് ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായി എഴുതിയതിന് ക്ഷുഭിതയായ ഭാര്യയെ സമാധാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ടെന്നാണ് മാര്‍ട്ടിന്‍ വില്‍കെസ് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗത്തോട് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ കൊടുത്ത പണം മുതലാക്കാന്‍ ഭര്‍ത്താവ് സ്വീകരിച്ച മാര്‍ഗമെന്ന നിലയിലുള്ള പ്രചാരണം തെറ്റാണ്.