അമേരിക്കയെക്കുറിച്ച് വീണ്ടും  വീമ്പടിച്ച ട്രംപിനെ തിരുത്തി ഫാക്ട് ചെക്കര്‍മാര്‍. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വാദങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന അവകാശവാദങ്ങളുടെ സത്യാവസ്ഥകളേക്കുറിച്ചുള്ള ഫാക്ട് ചെക്കിലാണ് ട്രംപിന്‍റെ നുണ വീണ്ടും പൊളിഞ്ഞത്. 

ഏറ്റവും ശുചിത്വമുള്ള വായുവും ഏറ്റവും വൃത്തിയുള്ള വെള്ളവും അമേരിക്കയുടേതെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ പാതി സത്യവും പാതി നുണയും ചേര്‍ന്നതാണ് ട്രംപിന്‍റെ പ്രസ്താവനയെന്നാണ് വസ്തുതാ പരിശോധനയില്‍ വ്യക്തമാവുന്നത്. 

പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ശുദ്ധവായുവിന്‍റെ കാര്യത്തില്‍ നിലവില്‍ മുന്നിലുള്ള രാജ്യമാണ് അമേരിക്ക. എന്നാല്‍ ശുദ്ധജലത്തിന്‍റെ കാര്യത്തില്‍ ട്രംപിന്‍റെ വാദം തെറ്റാണ്. യലേ സര്‍വ്വകലാശാലയുടെ കണക്കുകള്‍ അനുസരിച്ച ശുദ്ധജലത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ 26ാം സ്ഥാനമാണ് അമേരിക്കയ്ക്ക് ഉള്ളത്. ഫിന്‍ലന്‍ഡ്, ഐസ് ലന്‍ഡ്, നെതര്‍ലാന്‍ഡ്, നോര്‍വ്വേ, സ്വിറ്റ്സര്‍ലാന്‍ഡ്, ലണ്ടന്‍ എന്നീ രാജ്യങ്ങളാണ് ശുദ്ധജലത്തിന്‍റെ കാര്യത്തില്‍ മുന്നിലുള്ളത്.