നവംബര്‍ 1 മുതല്‍ പൊതുമേഖലാ ബങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഈടാക്കുമെന്ന വ്യാപക പ്രചാരണത്തിലെ വസ്തുതയെന്താണ്. കേന്ദ്ര സര്‍ക്കാരിനെ ഉദ്ധരിച്ചാണ് ഇത്തരം പ്രചാരണം വ്യാപകമാവുന്നത്. ചില പൊതുമേഖലാ ബാങ്കുകള്‍ അവരുടെ സേവനങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജ് കുത്തനെ കൂട്ടുന്നുവെന്നാണ് പ്രചാരണം.

എന്നാല്‍ ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ ഇതാണ്.  60.04 കോടി അടിസ്ഥാന സേവിങ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകൾക്കും 41.13 കോടി ജൻധൻ അക്കൗണ്ടുകൾക്കുമായി, ആർബിഐ  അനുശാസിക്കുന്ന സൗജന്യ സേവനങ്ങൾക്കൊന്നും ഒരു തരത്തിലുമുള്ള സർവീസ് ചാർജും ഈടാക്കുന്നതല്ല.

റെഗുലർ സേവിങ്‌സ്, കറണ്ട്, ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിലും സർവീസ്  ചാർജ് വർധിപ്പിച്ചിട്ടില്ല. അതേസമയം 2020 നവംബർ 1 മുതൽ ബാങ്ക് ഓഫ് ബറോഡ, ചില സർവീസ് ചാർജ്ജുകളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ നിലവിലെ കോവിഡ് 19 സാഹചര്യം പരിഗണിച്ച് ഈ മാറ്റങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റൊരു പൊതുമേഖലാ ബാങ്കും സമീപകാലത്ത് സർവീസ് ചാർജ്ജുകളിൽ മാറ്റം വരുത്തിയിട്ടില്ല.

ചില പൊതുമേഖലാ ബാങ്കുകൾ അവരുടെ സർവീസ് ചാർജുകൾ കുത്തനെ വർധിപ്പിക്കാൻ പോകുന്നു എന്ന തരത്തിൽ  നടക്കുന്ന പ്രചാരണം തെറ്റാണെന്നാണ് പിഐബിയുടെ പ്രസ് റിലീസ് വിശദമാക്കുന്നത്.