ഇന്ത്യയിലെ നിയമങ്ങള്‍ പാവങ്ങള്‍ക്ക് മാത്രം ബാധകമായിട്ടുള്ളതെന്ന കുറിപ്പോടെ വിങ്ങിപ്പൊട്ടുന്ന സൈക്കിള്‍ റിക്ഷക്കാരന്റെ ചിത്രം ഇന്ത്യയില്‍ നടന്ന സംഭവമോ?ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ ചിത്രം. ആകെയുള്ള വരുമാന മാര്‍ഗമായ സൈക്കിള് റിക്ഷ കോര്‍പ്പറേഷന്‍ അധികൃതര്‍ പിടിച്ചെടുന്ന പശ്ചാത്തലത്തില്‍ വിങ്ങിപ്പൊട്ടുന്ന യുവാവിന്‍റേതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

നിരവധി രാഷ്ട്രീയ നേതാക്കന്മാരെ ടാഗ് ചെയ്താണ് ചിത്രം വൈറലാവുന്നത്. ചിത്രത്തിനൊപ്പം ഈ കുടിയൊഴിപ്പിക്കലിന്‍റെ വീഡിയോയും വൈറലാവുന്നുണ്ട്. പാവപ്പെട്ടവന്‍റെ ജീവിതമാര്‍ഗം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ പണക്കാരെ ഒഴിവാക്കുന്നുവെന്ന രീതിയില്‍ രൂക്ഷ വിമര്‍ശനത്തോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ വൈറലായ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നാണ് റിവേഴ്സ് ഇമേജ് പരിശോധയില്‍ വ്യക്തമാകുന്നത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് ബിഡിന്യൂസ് 24  ഈ ചിത്രമടങ്ങിയ വാര്‍ത്ത നല്‍കിയത്. അസിഫ് മുഹമ്മദ് ഓവ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രമെടുത്തിട്ടുള്ളത്. ഫസ്ലൂര്‍ റഹ്മാന്‍ എന്ന സൈക്കിള്‍ റിക്ഷക്കാരനാണ് ചിത്രത്തിലുള്ളത്.  കൊവിഡ് വ്യാപനത്തിന് പിന്നാലെ തൊഴില്‍ നഷ്ടമായ ഫസ്ലൂര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ റിക്ഷ വാങ്ങിയിട്ട് പതിനഞ്ച് ദിവസം മാത്രമാണ് ആയത്.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ റിക്ഷകള്‍ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായിരുന്നു ഈ നീക്കം. ധാക്ക സൌത്ത് സിറ്റി കോര്‍പ്പറേഷന്‍റേതായിരുന്നു നടപടി. എന്ന് വ്യക്തമാക്കുന്നതാണ്  ബിഡിന്യൂസ് 24  റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്‍ അധികൃതര്‍ നീക്കം ചെയ്യുന്ന സൈക്കിള് റിക്ഷയുടെ പശ്ചാത്തലത്തില്‍ പൊട്ടിക്കരയുന്ന യുവാവിന്‍റെ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതാണ് എന്ന രീതിയിലെ പ്രചാരണം വ്യാജമാണ്.