കൊവിഡ് കാലത്തെ ബോര്‍ഡ് പരീക്ഷകള്‍ എങ്ങനെയാവുമെന്ന് ആശയക്കുഴപ്പത്തിലായിരിക്കുന്ന വിദ്യാര്‍ഥികളെ വീണ്ടും കുഴപ്പത്തിലാക്കി വ്യാജപ്രചാരണം. 2021 ലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ പാസാകാന്‍ 23 ശതമാനം മാര്‍ക്ക് മതിയെന്നാണ് രാജ്യവ്യാപകമായി നടക്കുന്ന പ്രചാരണം. പരീക്ഷാ കാലം അടുത്തിരിക്കെ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ പ്രചാരണം നടക്കുന്നത്

സിബിഎസ്ഇ പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനുമുള്ള പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാട്ട്സാപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും ഓരോ വിഷയത്തിനും പാസാകാന്‍ 33 ശതമാനം മാര്‍ക്ക് വേണ്ടെന്നും ഈ പ്രചാരണം അവകാശപ്പെടുന്നു. ഓരോ വിഷയത്തിനും 23 ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥി ബോര്‍ഡ് പരീക്ഷ പാസാകുമെന്നാണ് പ്രചാരണം. ഈ ഇരുപത്തിമൂന്ന് ശതമാനം വാങ്ങാനുള്ള കുറുക്കുവഴികളേക്കുറിച്ചും പ്രചാരണം നടക്കുന്നുണ്ട്. 

എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനം ഇറക്കിയിട്ടില്ലെന്ന് പിഐബി വിശദമാക്കുന്നു. ഈ രീതിയില്‍ 2021 ലെ ബോര്‍ഡ് എക്സാമിനേക്കുറിച്ച് നടക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു.