'തെരഞ്ഞെടുപ്പ് പുരോഗമിക്കെ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന തേജസ്വി യാദവിന്‍റെ വീഡിയോ'യുടെ പിന്നിലെ വസ്തുതയെന്താണ്? ബീഹാര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് വീഡിയോ പ്രചരിച്ചത്. ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള നിരവധി പ്ലാറ്റ്ഫോമുകളിലാണ് വീഡിയോ പ്രചരിച്ചത്. 

പഞ്ചാബിലെ ബിജെപിയുടെ സമൂഹമാധ്യമങ്ങളുടെ ചുമതലയുള്ള വരുണ്‍ പുരിയടക്കം വീഡിയോ ഷെയര്‍ ചെയ്തു. 'തെരുവോരങ്ങളിലെ താത്കാലിക ടെന്‍റുകളിലുള്ളവര്‍ക്കും റോഡില്‍ തടിച്ച് കൂടിയവര്‍ക്കും തേജസ്വി യാദവ് പണം നല്‍കുന്നത് വീഡിയോയില്‍ കാണാം'. ബീഹാറില്‍ തെരഞ്ഞെടുപ്പിനിടയില്‍ നോട്ട് വിതരണം ചെയ്യുന്ന തേജസ്വി യാദവ് എന്ന കുറിപ്പോടെയാണ് വീഡിയോയുള്ളത്.

എന്നാല്‍ കനത്ത പ്രളയത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് തേജസ്വി യാദവ് ധനസഹായം നല്‍കുന്ന വീഡിയോയാണ് വ്യാജ കുറിപ്പോടെ പ്രചരിക്കുന്നതെന്നാണ് വസ്തുതാ പരിശോധക വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയത്. ജൂലൈ 31തേജസ്വി യാദവിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. ചമ്പാരന്‍ ജില്ലയിലെ ചകിയ, പിപ്ര എന്നിവിടങ്ങളിലാണ് ഇതെന്നും തേജസ്വി യാദവിന്‍റെ  വീഡിയോ വിശദമാക്കുന്നു. 

വോട്ടെടുപ്പിനിടെ പണം വിതരണം ചെയ്യുന്ന തേജസ്വി യാദവിന്‍റേതെന്ന പേരില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്.