ബിഹാർ : അടുത്തിടെ ഫേസ്‌ബുക്കിൽ വളരെ വൈറലായി പ്രചരിച്ച ഒരു വീഡിയോ ഉണ്ട്. സ്‌കൂൾ കാലം മുതൽ പ്രണയിച്ചു നടന്ന കാമുകി, വിവാഹത്തിന്റെ കാര്യം വന്നപ്പോൾ, അച്ഛന്റെ ബ്രെയിൻവാഷിംഗിനു വിധേയയായി, സർക്കാർ ജോലി ഇല്ല എന്ന ഒരൊറ്റ കാരണം പറഞ്ഞുകൊണ്ട് വിവാഹത്തിന് വിസമ്മതിച്ചപ്പോൾ ഹൃദയം തകർന്നു പോയ ബിഹാർ സ്വദേശിയായ യുഗൽ കിഷോർ എന്ന കാമുകൻ സൊണാലിയെന്നു പേരുള്ള തന്റെ കാമുകിയോട് എന്നമട്ടിൽ ഷൂട്ട് ചെയ്ത ഒരു സെൽഫി വീഡിയോ ആണ് ഇത്. തന്റെ ഹൗസിങ് അപ്ലയൻസസ് സ്ഥാപനത്തിൽ വെച്ചാണ് യുവാവ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഭോജ്പുരി കലർന്ന ഹിന്ദിയിലാണ് ഈ വീഡിയോ. 24 മില്യൺ വ്യൂസ് അടുക്കുന്ന ഈ വീഡിയോക്ക് ഏതാണ്ട് എട്ടു ലക്ഷത്തോളം ലൈക്കുകളും, അമ്പതിനായിരത്തോളം കമന്റുകളും വന്നിട്ടുണ്ട്. ഒന്നേകാൽ ലക്ഷത്തോളം പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.
 

 

അച്ഛന്റെ വാക്കും കേട്ടുകൊണ്ട്, സർക്കാർ ജോലി കിട്ടിയില്ല എന്നുള്ള ഒരൊറ്റ കാരണം പറഞ്ഞു കൊണ്ട് തന്നെ വളരെ നൈസായി അങ്ങൊഴിവാക്കിയ കാമുകി അതിന് വലിയ വിലകൊടുക്കേണ്ടി വരും എന്നും പറഞ്ഞുകൊണ്ടാണ് ഈ യുവാവ് തന്റെ വീഡിയോ തുടങ്ങുന്നത്. യൗവ്വനയുക്തനായ തന്നെ സർക്കാർ ജോലിയില്ലെന്നും പറഞ്ഞ് തഴഞ്ഞിട്ട്, തലയിൽ മുടി പോലും ഇല്ലാത്ത, പത്തുപന്ത്രണ്ടു വയസ്സ് മൂത്ത ഒരു സർക്കാർ ഗുമസ്തനെ വിവാഹം കഴിക്കാൻ നീ തയ്യാറായല്ലോ എന്ന് കാമുകിയോട് യുഗൽ പറയുന്നു. 

തനിക്ക് സർക്കാർ ജോലിയൊന്നും ഇപ്പോഴും ഇല്ലെങ്കിലും, സ്വന്തമായി വലിയൊരു ഇലക്ട്രോണിക്സ് ഷോറൂം ഉണ്ടെന്നും, അവിടെ ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, സോളാർ പാനൽ, ഇൻവെർട്ടർ, എൽഇഡി ലൈറ്റ് തുടങ്ങി പലതുമുണ്ടെന്നും, അഞ്ചു പേർക്ക് താൻ തൊഴിൽ നൽകുന്നുണ്ട് എന്നും, അത് സർക്കാർ ജോലിയെക്കാൾ ഒട്ടും കുറവല്ല എന്നും ഈ യുവാവ് വളരെ വൈകാരികമായ ശബ്ദത്തിൽ പറയുന്നു. എന്നുമാത്രമല്ല, രാവിലെ പത്തു മണിക്ക് വന്നു ഷട്ടർ തുറക്കുന്ന താനും, കുടുംബത്തെപ്പോലെ കണക്കാക്കുന്ന തന്റെ ജോലിക്കാരും നെഞ്ചും വിരിച്ച് കച്ചവടം നടത്തി, വൈകീട്ട് എട്ടുമണിക്ക് കടയടച്ച് വീട്ടിൽ ചെന്ന് കുടുംബത്തോടൊപ്പം സന്തോഷത്തോടെ അത്താഴം കഴിക്കുന്നു എന്നും യുഗൽ പറയുന്നു. സന്തോഷത്തോടെ, അഭിമാനത്തോടെ കഴിഞ്ഞുകൂടാൻ സർക്കാർ ജോലി തന്നെ വേണം എന്ന് ഒരു നിർബന്ധവുമില്ല എന്നും യുഗൽ സൊണാലിയെ ഓർമിപ്പിക്കുന്നു.

അതിനു പുറമെ, കാമുകി സൊണാലിയുടെ കല്യാണത്തിന് അവളുടെ അച്ഛൻ സ്ത്രീധനമായി നൽകാൻ വേണ്ടി ഗൃഹോപകരണങ്ങൾ എടുത്തത് തന്റെ ഷോപ്പിൽ നിന്നാണ് എന്നും യുഗൽ അവളെ ഓർമിപ്പിക്കുന്നു. അങ്ങനെ വാങ്ങിയ എൽഇഡി ലൈറ്റിന്റെ വെട്ടത്തിലാണ്, എസിയുടെ കുളിർമയിലാണ് ഇപ്പോൾ കഴിയുന്നതെന്ന് മറക്കേണ്ട എന്നും പറയുന്നുണ്ട് ഈ യുവാവ്. തന്റെ പേര് മറന്നു പോകാതിരിക്കാൻ ആ ഗൃഹോപകരണങ്ങളിലൊക്കെ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടെന്നും യുഗൽ ഈ വീഡിയോയിൽ സൊണാലിയോട് പറയുന്നുണ്ട്.  

കാമുകിയോടും അച്ഛനോടും ഉള്ള ഈർഷ്യ താൻ തീർത്തത്, ഒന്നുരണ്ടു ലക്ഷത്തിന്റെ ഉപകരണങ്ങൾ വാങ്ങിയിട്ടും, ഒരു രൂപ പോലും ഡിസ്‌കൗണ്ട് കൊടുക്കാതെയാണ് എന്നുപറഞ്ഞുകൊണ്ടാണ് യുഗൽ കിഷോർ ഭാരതി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. 

വീഡിയോക്ക് വന്ന കമന്റുകളിൽ ചിലത് ഇങ്ങനെ

ഈ വീഡിയോ കണ്ട രണ്ടരക്കോടി ജനങ്ങളിൽ പലരും ഇതിനു ചുവട്ടിൽ കമന്റുചെയ്തിട്ടുണ്ട്. ഈ ഭഗ്നകാമുകന്റെ വൈകാരികവിക്ഷോഭങ്ങളെ മനസ്സിലാക്കുമ്പോൾ തന്നെ, കാമുകിയെയും അച്ഛനെയും ഇങ്ങനെ പേരെടുത്ത് പൊതു ജനസമക്ഷം കരിവാരിത്തേച്ചത് ഒട്ടും ശരിയായില്ല എന്നാണ് പലരും പറഞ്ഞത്. അതേ സമയം, യുഗലിന്റെ സംസാരം തികച്ചും ന്യായമാണ് എന്നും, സർക്കാർ ജോലിയുടെ പേരിൽ, വർഷങ്ങളോളം പ്രേമിച്ചു നടന്നവരെ ഇങ്ങനെ തഴഞ്ഞ്, അപ്പോൾ കണ്ട ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരെ വിവാഹം കഴിച്ച് ഇറങ്ങിപ്പോകുന്നവർക്ക് ഇതൊരു പാഠമാകട്ടെ എന്നുമൊക്കെ കമന്റിട്ടവരും കുറവല്ല. ചുരുക്കം ചിലർ ഇതൊരു സ്പൂഫ് ആണോ എന്നൊരു സംശയവും കമെന്റ് ബോക്സിൽ പ്രകടിപ്പിച്ചു. 

 വസ്തുത 

ഒറ്റനോട്ടത്തിൽ ഒരു നിരാശാ കാമുകന്റെ രോദനം, പ്രതികാരം, കാമുകിക്ക് കൊടുത്ത എട്ടിന്റെ പണി എന്നൊക്കെ ഈ വീഡിയോ കണ്ടാൽ തോന്നും. എന്നാൽ, അതല്ല സത്യം. ഈ വീഡിയോ വളരെ പ്രൊഫഷണലായി ഷൂട്ട് ചെയ്യപ്പെട്ട, എന്നാൽ അതേ സമയം ഒരു സെൽഫി വീഡിയോ എന്ന് ഏതൊരു കാണിയെയും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. അത് വെളിപ്പെടുത്തുന്നത്, സംസാരത്തിനിടെ സൊനാലി എന്നുള്ള പേര് തെറ്റി പല്ലവി എന്ന് പറയുന്നിടത്താണ്. ആ ഒരു നാക്കുപിഴ ഇതൊരു പ്രൊഫഷണൽ സറ്റയർ അല്ലെങ്കിൽ സ്പൂഫ് ആണോ എന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു. 

Fact Check : അന്വേഷണം 

യുഗൽ കിഷോർ ഭാരതി എന്ന പേരിനെ പിന്തുടർന്ന് ചെന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹം അറിയപ്പെടുന്ന ഒരു ബിഹാരി നടനും, സംവിധായകനും ആണെന്ന് വെളിപ്പെട്ടു. സ്വന്തം പേരിൽ ഇദ്ദേഹത്തിന് ഫേസ്ബുക്കിലും, യൂട്യുബിലും, ഇൻസ്റാഗ്രാമിലും പേജുകളുണ്ട്. ഇദ്ദേഹവും വിശ്വജിത് പ്രതാപ് സിങ്ങും ചേർന്ന് തുടങ്ങിയ 'മഗധി ബോയ്സ്' എന്ന ടീമും വളരെ പ്രസിദ്ധമാണ് ബിഹാറിൽ. 

 

ഏഷ്യാനെറ്റ് ന്യൂസ്,കോം  ടീം സാക്ഷാൽ യുഗൽ കിഷോർ ഭാരതിയുമായി നേരിട്ട് സംസാരിക്കുകയുണ്ടായി. മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം പാതിവഴി ഉപേക്ഷിച്ച് അഭിനയം, സംവിധാനം എന്നീ പാഷനുകളുടെ പിന്നാലെ പാഞ്ഞ യുഗൽ, ഇന്ന് ലബ്ധപ്രതിഷ്ഠനായ ഒരു സോഷ്യൽ മീഡിയ എന്റർറ്റൈനെർ ആണ്. മില്യൺ കണക്കിന് വ്യൂകളാണ് ഗരീബ് ആഷിക്ക് എന്ന പേരിൽ യുഗൽ നിർമിക്കുന്ന സറ്റയർ വീഡിയോകൾക്ക് ഇന്നുള്ളത്. 

ബിഹാറിൽ പൊതുവെയുള്ള സർക്കാർ ജോലി ഭ്രമത്തെ ഒന്ന് കളിയാക്കാൻ വേണ്ടി താനെടുത്ത ഒരു സ്പൂഫ് ആയിരുന്നു ആ വീഡിയോ എന്ന് യുഗൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ, അതേ സമയം ഒരു ഘട്ടത്തിൽ സമാനമായ ഒരു പ്രണയം തനിക്കുണ്ടായിരുന്ന എന്നും, തന്റെ കാമുകിയും ഇതുപോലെ സർക്കാർ ജോലി ഇല്ലെന്നും പറഞ്ഞാണ് തന്നെ വിട്ടുപോയതെന്നും യുഗൽ സമ്മതിക്കുന്നുണ്ട്. സർക്കാർ ജോലി ഇല്ലെന്നുള്ള കാരണം പറഞ്ഞുകൊണ്ട് കാമുകിമാർ ഉപേക്ഷിച്ചത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ പ്രേരിതരാകുന്ന, വിഷാദത്തിലേക്ക് വീണുപോകുന്ന എത്രയോ ബിഹാരി യുവാക്കൾക്കൊപ്പം തന്റെ ആജന്മദുഃഖവും ഈ വീഡിയോയിലൂടെ പ്രകാശിപ്പിക്കാൻ ശ്രമിച്ചു താൻ എന്നും യുഗൽ കിഷോർ ഭാരതി അവകാശപ്പെടുന്നു.