ഹജ്ജ് തീർഥാടകർക്ക് കേരളം അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണ് നല്‍കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം

ശബരിമലയില്‍ ഇത്തവണ (2023 ഡിസംബർ) ഭക്തർക്കായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളെ ചൊല്ലി വലിയ വിവാദങ്ങള്‍ നടക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ തകൃതി. ശബരിമല തീർഥാടകരെ ബസുകളില്‍ കുത്തിനിറച്ച് കേരള സർക്കാർ കൊണ്ടുപോകുമ്പോള്‍ ഹജ്ജ് തീർഥാടകർക്ക് അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണ് യാത്രക്കായി സംസ്ഥാനം നല്‍കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'മതേതര കേരളം 👍 Pls Like & Sprt my page 🙏👇' എന്ന തലക്കെട്ടോടെ നാഗാവൂർ വിമേഷ് എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ വന്ന ചിത്രം ഇങ്ങനെ. രണ്ട് ഫോട്ടോകളുള്ള കൊളാഷാണ് വിമേഷ് എഫ്ബിയില്‍ പങ്കുവെച്ചിരിക്കുന്നത്. 'ശബരിമല തീർഥാടനം' എന്ന അടിക്കുറിപ്പോടെയുള്ള ആദ്യ ഫോട്ടോയില്‍ കാണുന്നത് ബസില്‍ തിങ്ങിനിറഞ്ഞ് അയ്യപ്പഭക്തന്‍മാർ യാത്ര ചെയ്യുന്നതാണ്. ഹജ്ജ് കർമ്മം നിർവഹിക്കാന്‍ പോകുന്ന തീർഥാടകർ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രം ആളുകളുള്ള വാഹനത്തില്‍ (വിമാനം) പോകുന്നതാണ് രണ്ടാമത്തെ ഫോട്ടോയില്‍. 'ഹജജ് തീർഥാടനം' എന്നാണ് ഈ ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

മറ്റ് നിരവധി പോസ്റ്റുകളും ഇതേ കൊളാഷ് ഉപയോഗിച്ച് ഫേസ്ബുക്കില്‍ കാണാം. സ്ക്രീന്‍ഷോട്ട് ചുവടെ കൊടുത്തിരിക്കുന്നു. 

കൊളാഷിലെ ആദ്യത്തെ ചിത്രം ശബരിമല തീർഥാടനത്തിന്‍റേത് തന്നെയെങ്കില്‍ രണ്ടാമത്തേത് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘത്തിന്‍റേത് ആണോ? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഇക്കാര്യം വിശദമായി പരിശോധിച്ചു.

വസ്തുതാ പരിശോധന

പ്രചരിക്കുന്ന രണ്ടാമത്തെ ചിത്രം കേരളത്തിലേത് അല്ല, ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നതാണ് വസ്തുത. ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ഉറപ്പായത്. റിവേഴ്സ് ഇമേജ് സെർച്ചില്‍ ലഭിച്ച ഫലങ്ങളിലൊന്ന് rtvonline.com എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാധ്യമം 2022 ജൂലൈ 15ന് നല്‍കിയ വാർത്തയുടെതായിരുന്നു. ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം ബംഗ്ലാദേശില്‍ മടങ്ങിയെത്തിയ തീർഥാടകരെ കുറിച്ചുള്ളതാണ് ഈ വാർത്ത. റിപ്പോർട്ടിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുക്കുന്നു. 

മറ്റ് ചില ബംഗ്ലാദേശ് ഓണ‍ലൈന്‍ മാധ്യമങ്ങളും ഇതേ ചിത്രം ഉപയോഗിച്ച് വാർത്തകള്‍ നല്‍കിയിട്ടുള്ളതാണ് എന്നും പരിശോധനയില്‍ മനസിലാക്കാന്‍ കഴിഞ്ഞു. ഈ വാർത്തകളിലും ബംഗ്ലാദേശിലെ ഹജ്ജ് തീർഥാടകരെ കുറിച്ചാണ് പറയുന്നത്. കൊളാഷിലെ രണ്ടാമത്തെ ചിത്രം കേരളത്തിലെ ഹജ്ജ് തീർഥാടകരുടെ യാത്രയുടേത് അല്ല എന്ന് ഇതിലൂടെ വ്യക്തം. 

മറ്റൊരു ബംഗ്ലാദേശി മാധ്യമത്തില്‍ വന്ന വാർത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ

നിഗമനം

ഹജ്ജ് തീർഥാടകർക്ക് കേരളം സുഖകരമായ സൗകര്യങ്ങള്‍ ഒരുക്കുന്നതായും എന്നാല്‍ ശബരിമല തീർഥാടകരെ ബസില്‍ കുത്തിനിറച്ച് കൊണ്ടുപോവുകയാണ് എന്നുമുള്ള ആരോപണത്തോടെ പ്രചരിക്കുന്ന കൊളാഷിലെ രണ്ടാം ചിത്രം വ്യാജമാണ്. ഹജ്ജ് തീർഥാടകർ സഞ്ചരിക്കുന്നതിന്‍റെ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതല്ല, ബംഗ്ലാദേശിലേതാണ്. ഈ ചിത്രത്തിന് കുറഞ്ഞത് ഒരു വർഷത്തെ പഴക്കമെങ്കിലുമുണ്ട് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ തെളിഞ്ഞു. ഇരു ചിത്രങ്ങളും താരതമ്യം ചെയ്ത് കുറിപ്പുകളോടെ കൊളാഷായി പ്രചരിപ്പിക്കുന്നത് അതിനാല്‍തന്നെ വസ്തുതാവിരുദ്ധമാണ്. 

Read more: ശബരിമലയിൽ അയ്യപ്പ ഭക്തന്‍റെ തല പൊലീസ് അടിച്ചു പൊട്ടിച്ചെന്ന വീഡിയോ പ്രചാരണം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം