സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു എന്നുമാണ് ഒരു ചിത്രം സഹിതം ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്നത്

ചെന്നൈ: പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ നായികയാണ് സായ് പല്ലവി. തെന്തിന്ത്യയിലെ പ്രധാന നടിമാരില്‍ ഒരാളായി ഇതിനകം മാറിക്കഴിഞ്ഞ സായ് പല്ലവി വിവിധ ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. മുമ്പ് പല തവണയും സായ്‌യുടെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും സായ് പല്ലവിയുടെ വിവാഹ വാര്‍ത്ത സജീവമായിരിക്കുകയാണ്. ഇത്തവണ ചിത്രം സഹിതമാണ് പ്രചാരണം. ഇതിന്‍റെ വസ്‌തുത ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം കണ്ടെത്തി. 

പ്രചാരണം

'സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു' എന്നുമാണ് മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം സഹിതം ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. സായ് പല്ലവിയും ഒരു പുരുഷനും മാലകള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. സായ് പല്ലവിക്ക് അഭിനന്ദനം നേര്‍ന്നുള്ള മറ്റ് പോസ്റ്റുകളും ഫേസ്‌ബുക്കില്‍ കാണാം. എന്താണ് ഈ പോസ്റ്റുകളുടെ വസ്‌തുത എന്ന് നോക്കാം. 

വസ്‌തുത

സായ് പല്ലവിയുടെ വിവാഹ സംബന്ധിയായ വിവരങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ അവരുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ (എക്‌സ്) ഹാന്‍ഡിലുകള്‍ പരിശോധിച്ചെങ്കിലും ചിത്രങ്ങളൊന്നും കണ്ടെത്താനായില്ല. മാത്രമല്ല, സായ് പല്ലവി വിവാഹിതയായി എന്നൊരു വാര്‍ത്ത ആധികാരികമായ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടുമില്ല. സായ് പല്ലവി വിവാഹിതയായി എന്ന് പ്രചരിക്കുന്ന ചിത്രത്തിന്‍റെ ഉറവിടം എവിടെയെന്ന് ഇതിനാല്‍ പരിശോധിക്കേണ്ടിവന്നു. ചിത്രം റിവേഴ്‌സ് ഇമേര്‍ സെര്‍ച്ച് നടത്തിയപ്പോള്‍ ഒറിജിനല്‍ ഫോട്ടോ സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമി മെയ് 9ന് ട്വീറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. സായ് പല്ലവിയുടെ പിറന്നാള്‍ ദിനമായിരുന്നു രാജ്‌കുമാറിന്‍റെ ട്വീറ്റ്. വൈറലായിരിക്കുന്ന ഫോട്ടോയില്‍ സായ് പല്ലവിക്കൊപ്പമുള്ളത് സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമിയാണ്. 

Scroll to load tweet…

എസ്‌കെ21 എന്ന സിനിമയുടെ പൂജയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് പൂജയുടെ ഭാഗം ഒഴിവാക്കി സായ് പല്ലവിയും സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമിയും മാലയണിഞ്ഞ് നില്‍ക്കുന്ന ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് വിവാഹ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വ്യക്തമായി. എസ്‌കെ21 സിനിമയുടെ പൂജയുടെ മറ്റ് ചിത്രങ്ങളും രാജ്‌കുമാര്‍ പെരിയസ്വാമിയുടെ ട്വീറ്റിലുണ്ടായിരുന്നു. 

യഥാര്‍ഥ ഫോട്ടോ ചുവടെ

Read more: 'ഫൈനലുകളില്‍ മുഹമ്മദ് സിറാജ് തീപ്പൊരി'; പാക് താരം ഉമര്‍ അക്‌മല്‍ പ്രശംസിച്ച ട്വീറ്റ് എവിടെപ്പോയി? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം