തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കും മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തണം എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിന് ശശി തരൂര്‍ എംപിയുടെ പിന്തുണ എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. അതേസമയം, തന്‍റെ ചിത്രം സഹിതമുള്ള പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ രംഗത്തെത്തി. 

പ്രചാരണം ഇങ്ങനെ

'രോഗം ഉള്ളവരും ഇല്ലാവരും ഫ്ലൈറ്റില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നത് അപകടകരം. കൊവിഡ് ടെസ്റ്റ് നടത്തണം എന്ന കേരള സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുന്നു'. ശശി തരൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു എന്നാണ് പ്രചാരണം.

 

വസ്‌തുത എന്ത്

തന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാന്‍ ടെസ്റ്റിംഗ് നയം രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും ഈ വിഷയത്തിലെ തന്‍റെ നിലപാട് കേന്ദ്ര വിദേശകാര്യ മന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിച്ചതാണെന്നും തരൂര്‍ വ്യക്തമാക്കി.

ശശി തരൂര്‍ എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'പ്രവാസികളുടെ കൊവിഡ് ടെസ്റ്റിംഗുമായി ബന്ധപ്പെട്ട തികച്ചും തെറ്റിദ്ധാരണാജനകമായ ഒരു പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനാൽ,ജൂൺ 15ന് വിദേശകാര്യ മന്ത്രിക്കയച്ച എന്റെ കത്ത് ഞാൻ ഇതോടൊപ്പം ചേർക്കുന്നു(അതിർത്തി പ്രശ്നം കാരണം ഈ കത്ത് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല). പ്രസ്തുത കത്തിൽ എന്റെ നിലപാട് ഞാൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഈ കത്തിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം ഒരു ടെസ്റ്റിംഗ് നയം രൂപീകരിക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. പ്രവാസികളുടെ ക്ഷേമത്തിനായി എംബസികളിലുള്ള ICWF (പ്രവാസി ക്ഷേമ നിധി) ഉപയോഗിച്ച് കൊണ്ട് ക്ലിനിക്കുകളിലും മറ്റും ചെലവ് കുറഞ്ഞ ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ കാര്യക്ഷമമാക്കാൻ വേണ്ടിയുള്ള പ്രയത്നങ്ങൾ നടത്തേണ്ടതാണ്.
കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന വെച്ചത് കേരള സർക്കാരാണ്. ഞാൻ കേരള മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞ കാര്യമാണ് ഗൾഫ് രാജ്യങ്ങളിൽ രോഗ ലക്ഷണമില്ലാത്തവരെ ടെസ്റ്റ് ചെയ്യാറില്ല എന്നത്. അദ്ദേഹത്തിന്റെ പ്രതികരണം എംബസികൾ മുഖേന പ്രസ്തുത ടെസ്റ്റുകൾ നടത്താൻ കേന്ദ്ര സർക്കാരിനോട് സമ്മർദ്ദം ചെലുത്തണം എന്നതായിരുന്നു. ചുരുക്കത്തിൽ ടെസ്റ്റിംഗ് നിര്ബന്ധമായാൽ (അത് നിർബന്ധമാക്കുന്നത് സർക്കാർ തീരുമാനമാണ് എങ്കിലും തികച്ചും നിർഭാഗ്യകരമാണെന്നാണ് എന്റെ അഭിപ്രായം ) അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്, പ്രവാസികൾക്കല്ല.

ഓരോ ഇന്ത്യൻ പൗരനും സ്വന്തം ദേശത്തേക്ക് മടങ്ങാൻ തികച്ചും നിരുപാധികമായ അവകാശമുണ്ട് എന്നതാണ് ദീർഘമായ ഈ എഴുത്തിലൂടെ ഞാൻ പ്രകടിപ്പിച്ച എന്റെ വീക്ഷണം'.

 

കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാവൂ എന്നാണ് കേരളം നിലപാട് സ്വീകരിച്ചത്. 'വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം' എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നത് തടയാനാണ് എന്ന് പ്രതിപക്ഷ ആരോപിക്കുന്നു. പല വിദേശ രാജ്യങ്ങളിലും കൊവിഡ് ടെസ്റ്റ് നടത്തുക പ്രായോഗികമല്ലെന്നാണ് വിമര്‍ശനം.  

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​