ശശി തരൂര്‍ എംപി കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ കെ സുധാകരനെ ട്വീറ്റിലൂടെ വിമര്‍ശിച്ചു എന്നാണ് സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലെ പ്രചാരണം

വാർത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വൈകി എത്തിയതിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ക്ഷോഭിച്ചതും അസഭ്യപ്രയോഗം നടത്തിയതും വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ സുധാകരന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ച് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) രംഗത്തെത്തിയോ? തരൂര്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ കെ സുധാകരനെ ട്വീറ്റിലൂടെ വിമര്‍ശിച്ചു എന്നാണ് സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലെ പ്രചാരണം. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.

പ്രചാരണം 

അതികഠിനമായ ഇംഗ്ലീഷ് വാക്കുകളോടെ ശശി തരൂര്‍ എംപി കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ വിമര്‍ശിച്ചു എന്നുപറഞ്ഞ് കൊണ്ടാണ് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. കെ സുധാകരനെ ടാഗ് ചെയ്തുകൊണ്ടാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് എന്ന് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ കാണാം. നിരവധി പേരാണ് ഈ സ്ക്രീന്‍ഷോട്ട് യഥാര്‍ഥമാണ് എന്ന് വാദിച്ച് എഫ്‌ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. 

വസ്‌തുതാ പരിശോധന

ഇത്തരത്തിലൊരു ട്വീറ്റ് ശശി തരൂര്‍ എംപി ചെയ്തിട്ടുണ്ടോ എന്നറിയാന്‍ അദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ആദ്യം ചെയ്തത്. എന്നാല്‍ ശശി തരൂരിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന തരത്തിലുള്ള ട്വീറ്റ് കണ്ടെത്താനായില്ല. മാത്രമല്ല, പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ കാണുന്ന എക്‌സ് ഹാന്‍ഡിലിന്‍റെ യൂസര്‍നെയിം @ShahsiTharoor എന്നാണ്. എന്നാല്‍ ശശി തരൂര്‍ എംപിയുടെ വെരിഫൈഡ് എക്‌സ് ഹാന്‍ഡിലിന്‍റെ യൂസര്‍നെയിം @ShashiTharoor എന്നാണ്. ഇതോടെ ഇത്തരമൊരു ട്വീറ്റ് തരൂര്‍ ചെയ്തിട്ടില്ല എന്ന് വ്യക്തമായി. 

യൂസര്‍നെയിമില്‍ മാത്രമല്ല, വൈറല്‍ സ്ക്രീന്‍ഷോട്ടിലും ശശി തരൂരിന്‍റെ യഥാര്‍ഥ എക്‌സ് അക്കൗണ്ടിലും കാണുന്ന പേരിലും വ്യത്യാസം കാണാം. ഇതും തരൂരിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് തെളിയിക്കുന്നു.

നിഗമനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയതിനെ വിമര്‍ശിച്ച് ശരി തരൂര്‍ ട്വീറ്റ് ചെയ്തു എന്ന അവകാശവാദം തെറ്റാണ്. വ്യാജ സ്ക്രീന്‍ഷോട്ടാണ് തരൂരിന്‍റെ പേരില്‍ പേസ്ബുക്കില്‍ പ്രചരിക്കുന്നത്.

Read more: 'ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ മെയ് 22ന്'; തിയതികള്‍ പ്രഖ്യാപിച്ചോ? Fact Check 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം