സോറി, ഈ ഗ്രാമം കേരളത്തിലല്ല; പ്രചരിക്കുന്നത് എഐ വീഡിയോ
കേരളത്തിലെ ഒരു ഗ്രാമം എന്ന പേരിലാണ് അതിസുന്ദരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തിന് യൂറോപ്യന്‍ ഛായയുള്ളതായി നിങ്ങള്‍ക്കറിയോ? യൂറോപ്യന്‍ ലുക്കിലും മട്ടിലുമുള്ള ഒരു കേരള ഗ്രാമത്തെ കുറിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുന്ന ഒരു വീഡിയോയുടെ തലക്കെട്ട് അവകാശപ്പെടുകയാണ്. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.
പ്രചാരണം
'എ വില്ലേജ് ഇന്‍ കേരള, ഇന്ത്യ'- എന്ന തലക്കെട്ടോടെയാണ് 2025 ജനുവരി 21ന് Eagle Nebula എന്ന എക്‌സ് യൂസര്‍ 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 'ഇറ്റ്‌സ് ജസ്റ്റ് എ വില്ലേജ് ഇന്‍ കേരള, ഇന്ത്യ' എന്ന് വീഡിയോയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. യൂറോപ്പില്‍ എവിടെയോ എത്തിച്ചേര്‍ന്ന പ്രതീതിയാണ് ഈ വീഡിയോ കണ്ടാല്‍ തോന്നുക. മനോഹരമായ കടല്‍ത്തീരവും യൂറോപ്യന്‍ ശൈലിയിലുള്ള കെട്ടിടങ്ങളും പൂന്തോട്ടങ്ങളുമെല്ലാം ഈ വീഡിയോയിലുണ്ട്. സമാന വീഡിയോ യൂട്യൂബിലും പ്രചരിക്കുന്നുണ്ട്.
വസ്‌തുത
എന്നാല്‍ ഈ വീഡിയോ കേരളത്തിലല്ല എന്ന് മനസിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ഇങ്ങനെയൊരു ഭൂപ്രകൃതിയും നിര്‍മിതികളും കേരളത്തിലില്ല എന്നതുതന്നെ ഇതിന് കാരണം.
ഈ വീഡിയോ പിന്നെന്താണ് എന്ന് വസ്‌തുതാ പരിശോധനയുടെ ഭാഗമായി പരിശോധിക്കുകയും ചെയ്തു. ട്വിറ്റര്‍ വീഡിയോ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോള്‍ ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ്-ടു-വീഡിയോ മോഡലായ സോറയുടെ സഹായത്താല്‍ നിര്‍മിച്ചതാണിതെന്ന് മനസിലാക്കാനായി. വീഡിയോയുടെ താഴെ വലതുമൂലയ്ക്കായി ഓപ്പണ്‍എഐയുടെ ലോഗോ കാണാം.
നിഗമനം
കേരളത്തിലെ ഒരു ഗ്രാമം എന്ന അവകാശവാദത്തോടെ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ്-ടു-വീഡിയോ മോഡലായ സോറ ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്നാണ് ലഭിച്ച തെളിവുകളില്‍ നിന്ന് വ്യക്തമായത്.
Read more: കുഞ്ഞ് ചെടിയില്‍ ഇലകളേക്കാള്‍ കൂടുതല്‍ പേരക്ക! ചിത്രത്തിന്‍റെ സത്യാവസ്ഥ- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
