Asianet News MalayalamAsianet News Malayalam

'തോറ്റു പോകാത്ത വീര്യം' എന്ന് കുഞ്ഞനന്തനെ വിശേഷിപ്പിച്ചിട്ടില്ല; വ്യാജ പ്രചാരണത്തിനെതിരെ സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടത്തിന്‍റെ പ്രസംഗങ്ങള്‍(Sunil P Elayidam speech) എന്ന ഫേസ്‌ബുക്ക് പേജില്‍ വന്ന പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. 

Sunil P Elayidom against fake campaign against him
Author
Thiruvananthapuram, First Published Jun 14, 2020, 8:09 PM IST

തിരുവനന്തപുരം: ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കവെ മരണപ്പെട്ട പി കെ കുഞ്ഞനന്തനെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് കുറിപ്പ് തന്‍റേതല്ലെന്ന് വ്യക്തമാക്കി സുനില്‍ പി ഇളയിടം രംഗത്ത്. ഭരണകൂട ഭീകരതയുടെ ഇര എന്നും തല്ലി ചതച്ചിട്ടും തോറ്റു പോകാത്ത വീര്യമെന്നും കുഞ്ഞനന്തനെ വിശേഷിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സുനില്‍ പി ഇളയിടത്തിന്‍റേതായി പ്രചരിക്കുന്നത്. സുനില്‍ പി ഇളയിടത്തിന്‍റെ പ്രസംഗങ്ങള്‍(Sunil P Elayidam speech) എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇത്തരം പ്രചരണങ്ങള്‍ സജീവമായത്. ഇതോടെയാണ് മറുപടിയുമായി ഇളയിടം തന്നെ രംഗത്തെത്തിയത്. 

ഫേസ്‌ബുക്കിലെ പ്രചാരണം ഇങ്ങനെ

'അതിഭീകരമായി ഒരു ഭരണകൂടം വേട്ടയാടിയ മനുഷ്യനാണ്, തല്ലി ചതച്ചിട്ടും തോറ്റു പോകാത്ത വീര്യമാണ്. സഖാവ് പി കെ കുഞ്ഞനന്തന് അന്ത്യാഭിവാദ്യങ്ങൾ'... ജൂണ്‍ 11നാണ് ഫേസ്‌ബുക്കില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 

Sunil P Elayidom against fake campaign against him

 

ഇങ്ങനെ എഴുതിയോ സുനില്‍ പി ഇളയിടം?

സുനില്‍ പി ഇളയിടത്തിന്‍റെ പ്രസംഗങ്ങള്‍ എന്ന പേജിലെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുനില്‍ പി ഇളയിടം ഫേസ്‌ബുക്കില്‍ രംഗത്തെത്തി. 'ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ്. ബന്ധപ്പെട്ടവർ അതവസാനിപ്പിക്കണം' എന്നാണ് സുനില്‍ മാഷിന്‍റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.

'എൻറെ പേരും ചിത്രവും ഉൾപ്പെടുത്തി ഇങ്ങനെയൊരു പ്രസ്താവന പ്രചരിക്കുന്ന കാര്യം ഇപ്പോഴാണ് സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയത്. ഇത് എൻറെ പേജോ പ്രസ്താവനയോ അല്ല. ബന്ധപ്പെട്ടവർ ഇത് പിൻവലിക്കണം

എനിക്ക് ഈയൊരു Fb അക്കൗണ്ട് മാത്രമാണ് ഉള്ളത്. എൻറെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റു പേജുകളും പ്രസ്താവനകളും എൻറെ അറിവോ സമ്മതമോ ഉള്ളവയല്ല.

എൻറെ പേരും ചിത്രവും ഉപയോഗിച്ച് ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ്. ബന്ധപ്പെട്ടവർ അതവസാനിപ്പിക്കണം'.

മുന്‍പും വ്യാജ പ്രചാരണം

സുനില്‍ പി ഇളയിടത്തിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ ഇതാദ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്‍റെ മകനെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഇകഴ്‌ത്തുന്നതിനെ വിമര്‍ശിച്ച് സുനില്‍ പി ഇളയിടത്തിന്‍റേതായി ഒരു കുറിപ്പ് നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍, കുറിപ്പ് വ്യാജമാണെന്നും തന്‍റെ പേര് ചേര്‍ത്ത് പ്രചരിപ്പിക്കരുത് എന്നും അഭ്യര്‍ത്ഥിച്ച് അന്ന് സുനില്‍ പി ഇളയിടം രംഗത്തെത്തിയിരുന്നു. ആ വാര്‍ത്തയുടെ ലിങ്ക് ചുവടെ...

Read more: പിണറായി ചെത്തുകാരൻറെ മകൻ എന്ന ഇകഴ്‌ത്തലിനെതിരെ രംഗത്തെത്തിയോ സുനില്‍ പി ഇളയിടം? വൈറല്‍ പോസ്റ്റിന് പിന്നില്‍

Follow Us:
Download App:
  • android
  • ios