തിരുവനന്തപുരം: നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ പൊല്ലാപ്പിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നു. വാട്‌സ്‌ആപ്പ് മാത്രമല്ല, ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നും വൈറല്‍ സന്ദേശത്തില്‍ പറയുന്നു. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയതോടെ വസ്‌തുത വെളിവാക്കി കേരള പൊലീസ് രംഗത്തെത്തി. 

പ്രചാരണം

മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലും സമാന സന്ദേശം വൈറലാണ്. 

വസ്‌തുത

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ഇക്കാര്യം കേരള പൊലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ ആരും വീഴരുതെന്നും പ്രചരിപ്പിക്കരുതെന്നും കേരള പൊലീസ് അഭ്യര്‍ഥിച്ചു.  

കേരള പൊലീസിന്‍റെ അറിയിപ്പ്

'നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഈ പേജിലേക്ക് മെസ്സേജ് അയക്കുന്നുണ്ട്. ഈ വാർത്ത വ്യാജമാണെന്ന് കേന്ദ്ര ഗവൺമെന്റിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് കാണുക. 

https://twitter.com/PIBFactCheck/status/1355082402066907141

ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. പ്രചരിപ്പിക്കാതിരിക്കുക'. 

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്‌തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്‌ട് ചെക്ക് ജനുവരി 29ന് നല്‍കിയ മുന്നറിയിപ്പ് ചുവടെ. 

 

അറിയാന്‍ ഒരു കാര്യം കൂടി!

വൈറല്‍ സന്ദേശത്തില്‍ വാട്‌സ്‌ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ  പൊളിഞ്ഞതാണ്. അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്.  വസ്‌തുതകള്‍ 2019 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ലും 2018ലും സമാന സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു എന്നും അന്ന് കണ്ടെത്തി.

 

നിഗമനം 

നിങ്ങളുടെ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും എല്ലാ കോളുകളും റെക്കോർഡ് ചെയ്യുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.  

'വാട്‌സാപ്പില്‍ രണ്ട് നീല ടിക് മാര്‍ക്കും ഒരു ചുവപ്പുമുണ്ടോ; ഉടന്‍ അറസ്റ്റ് ചെയ്യും'; വൈറല്‍ മെസേജ് സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​
​​