പറക്കുംതളികയാണോ എന്ന ചോദ്യത്തോടെയാണ് ഒരു വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍(ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ടത്

അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മെക്‌സിക്കോയില്‍ അന്യഗ്രഹ ജീവികളുടേത് എന്ന് അവകാശപ്പെടുന്ന ചില മൃതശരീരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് വീണ്ടും ചര്‍ച്ച സജീവമായത്. മെക്‌സിക്കോ കോണ്‍ഗ്രസില്‍ നടന്ന അന്യഗ്രഹ ജീവികളുടേത് എന്നവകാശപ്പെടുന്ന മൃതശരീര പ്രദര്‍ശനത്തിന്‍റെ വീഡിയോ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ അസ്ഥികൂടങ്ങളെ കുറിച്ച് വാക്‌വാദങ്ങള്‍ സജീവമായിരിക്കേ മറ്റൊരു വീഡിയോ കൂടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു തീരത്ത് കൂടി നില്‍ക്കുന്ന ആളുകള്‍ക്കടുത്തേക്ക് യുഎഫ്‌ഒ (അണ്‍ഐഡന്‍റിഫൈഡ് ഒബ്ജക്ട്) പറന്നെത്തുന്നതാണ് വീഡിയോയില്‍. 

പ്രചാരണം

പറക്കുംതളികയാണോ എന്ന ചോദ്യത്തോടെയാണ് ഒരു വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ടത്. ആകാശത്ത് നിന്ന് പേടകം പോലൊരു വസ്‌തു ആളുകള്‍ക്ക് അരികിലേക്ക് പറന്ന് വരുന്നതായാണ് വീഡിയോ. ഇതിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടിനിന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്താണ് ഈ വീഡിയോയുടെ വസ്‌തുത. ഇത് പറക്കുംതളികയുടേതാണോ? 

Scroll to load tweet…

വസ്‌തുത

ഭൂമിയില്‍ പറക്കുംതളികകളും അന്യഗ്രഹ ജീവികളും പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും യുഎഫ്‌ഒയുടെ സാന്നിധ്യം തെളിയിക്കാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഇവയെല്ലാം വ്യാജമായിരുന്നു. ഒരിക്കല്‍പ്പോലും പറക്കുംതളികകളെയും അന്യഗ്രഹജീവികളേയും തെളിയിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് പറക്കുംതളികയാണ് എന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം എക്‌സില്‍ കാണുന്ന വീഡിയോ 2017 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. 2017ലും 2021ലും ഇത് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത് കാണാം. അതിനാല്‍തന്നെ ഇപ്പോള്‍ പറക്കുംതളിക പ്രത്യക്ഷപ്പെട്ടു എന്ന വീഡിയോ പ്രചാരണം വിശ്വസനീയമല്ല. 

2017ല്‍ പോസ്റ്റ് ചെയ്‌ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

2021ല്‍ പോസ്റ്റ് ചെയ്‌ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

നാസ പറയുന്നത്

അന്യഗ്രഹ ജീവികളുടേത് എന്ന പേരില്‍ പ്രചരിക്കുന്ന യുഎഫ്ഒ (അണ്‍ഐഡന്‍റിഫൈഡ് ഒബ്ജക്ട്) ദൃശ്യങ്ങൾ നാസ അടുത്തിടെ പഠനവിധേയമാക്കിയിരുന്നു. അന്യഗ്രഹ ജീവികളുടെയോ പേടകങ്ങളുടേയോ സാന്നിധ്യം ഭൂമിയില്‍ ഉള്ളതായി നിഗമനത്തില്‍ എത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നാണ് നാസ കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചത്. അന്വേഷണത്തിനായി യുഎഫ്ഒ പ്രതിഭാസങ്ങളെ അണ്‍ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവ തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങള്‍ എന്ന് നാസ പുനര്‍നാമകരണം ചെയ്തിരുന്നു

Read more: മൊറോക്കോ ഭൂകമ്പം: നവജാത ശിശുവിനെ രക്ഷിക്കുന്ന, കരയിച്ച ആ വീഡിയോയില്‍ ട്വിസ്റ്റ്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം