ഫേസ്‌ബുക്കില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ മിഷന്‍ അംബേദ്‌കര്‍ എന്ന വാട്ടര്‍‌മാര്‍ക് കാണാം

മുംബൈ: മഹാരാഷ്‌ട്രയില്‍ ഹിന്ദു ക്ഷേത്രത്തില്‍ കയറിയതിന് ദലിത് സ്ത്രീയെ തല്ലിക്കൊന്നു എന്നൊരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലുണ്ട്. ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ കാണാം. ഒരു വീഡിയോ സഹിതമാണ് പ്രചാരണം സജീവമായിരിക്കുന്നത്. എന്താണ് ഇതിലെ വസ്‌തുത എന്ന് നോക്കാം. 

പ്രചാരണം 

'മഹാരാഷ്‌ടയിൽ ദലിത് സ്ത്രീയെ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് സനാതന ധർമം' എന്നാണ് പോള്‍ എന്നയാളുടെ എഫ്‌ബി പോസ്റ്റ്. സെപ്റ്റംബര്‍ 16നാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ തലക്കെട്ടോടെ മറ്റൊരു പോസ്റ്റും ഫേസ്‌ബുക്കില്‍ കാണാം. ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ വടികളുമായി എത്തിയവര്‍ ഒരു സ്ത്രീയെ ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയില്‍. വടികള്‍ കൊണ്ട് മര്‍ദിക്കുന്നതിന് പുറമെ ആഞ്ഞ് ചവിട്ടുന്നതും സ്ത്രീ ബോധരഹിതയായി കിടക്കുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തെ അപലപിച്ച് നിരവധി പേരുടെ കമന്‍റുകളുടെ വീഡിയോയുടെ താഴെ കാണാം. 

വസ്‌തുത

ഫേസ്‌ബുക്കില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ മിഷന്‍ അംബേദ്‌കര്‍ എന്ന വാട്ടര്‍‌മാര്‍ക് കാണാം. വീഡിയോയുടെ സ്ക്രീന്‍ഷോട്ട് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ മിഷന്‍ അംബേദ്‌കര്‍ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്ന് വീഡിയോ ഓഗസ്റ്റ് 29ന് ട്വീറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. സെപ്റ്റംബര്‍ മാസം നടന്ന സംഭവമല്ല ഇത് എന്ന് ഇതോടെ വ്യക്തമാവുന്നു. കാലിത്തീറ്റയ്‌ക്ക് പണം നല്‍കിയെങ്കിലും സാധനം ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ച സ്ത്രീയെ മര്‍ദിക്കുന്നതാണ് വീഡിയോയില്‍ എന്നാണ് മിഷന്‍ അംബേദ്‌കര്‍ ട്വീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

Scroll to load tweet…

ഈ സംഭവം ഫ്രീ പ്രസ് ജേണല്‍ വാര്‍ത്തയായി നല്‍കിയിരുന്നു എന്നും കണ്ടെത്താനായി. കാലിത്തീറ്റയ്‌ക്കായി നല്‍കിയ 2000 രൂപ തിരികെ ചോദിച്ചതിനായിരുന്നു സ്ത്രീക്ക് ക്രൂര മര്‍ദനം എന്ന് വാര്‍ത്തയില്‍ പറയുന്നു. ഓഗസ്റ്റ് 26ന് മഹാരാഷ്‌ട്രയിലെ സതാരയിലായിരുന്നു ഈ സംഭവം നടന്നത് എന്ന് ഫ്രീ പ്രസ് ജേണലിന്‍റെ വാര്‍ത്തയില്‍ കാണാം. അതിനാല്‍തന്നെ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണ് എന്ന് മിഷന്‍ അംബേദ്‌കറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലും ഫ്രീ പ്രസ് ജേണലിലെ വാര്‍ത്തയിലും പറയുന്ന വിവരങ്ങള്‍ കൊണ്ട് മനസിലാക്കാം.

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

കണ്ടെത്തലുകള്‍

ദലിത് സ്ത്രീക്ക് മര്‍ദനമേറ്റത് അമ്പലത്തില്‍ പ്രവേശിച്ചതിനല്ല. കാലിത്തീറ്റയുടെ പണം തിരികെ ചോദിച്ചതിനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റെങ്കിലും അവര്‍ മരണപ്പെട്ടില്ല എന്നും വാര്‍ത്തയിലെ വിവരങ്ങള്‍ തെളിയിക്കുന്നു. 

Read more: കണ്ണഞ്ചിപ്പിക്കും കാഴ്‌ചകള്‍, അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉള്ളിലെ ദൃശ്യങ്ങള്‍ ലീക്കായി? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം