നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങളാണിത് എന്നാണ് അവകാശവാദം 

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്ത് തുടരുകയാണ്. ഇതിനിടെ ഒരു വീഡിയോ കേരളത്തിലടക്കം മലയാളം കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് വിശദമായി പരിശോധിക്കാം. 

പ്രചാരണം

'നീറ്റ് പരീക്ഷ തട്ടിപ്പിൽ എല്ലാം തകർന്ന വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു...അങ്ങ് മോദിയുടെ ഗുജറാത്തിൽ'- എന്ന മലയാളം കുറിപ്പോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു സ്ത്രീയെ രണ്ട് പേര്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്. പൊട്ടിക്കരയുന്ന ഇവരോട് മാധ്യമപ്രവര്‍ത്തക വിവരങ്ങള്‍ ചോദിച്ചറിയുന്നതും മറ്റൊരാളെത്തി കുടിക്കാന്‍ വെള്ളം നല്‍കുന്നതും വേറൊരാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങളാണിത് എന്നാണ് വീഡിയോ പങ്കുവെക്കുന്നവരുടെ അവകാശവാദം. 

വസ്‌തുത

നീറ്റ് പരീക്ഷ ക്രമക്കേടിന് പിന്നാലെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യമല്ല ഇത്. ഗുജറാത്ത് സര്‍ക്കാരിന്‍റെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്നുള്ള വീഡിയോയാണ് നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. നീറ്റ് പരീക്ഷ ക്രമക്കേടിന് എതിരായ പ്രതിഷേധം എന്ന പേരില്‍ തെറ്റായി പ്രചരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം റിവേഴ്‌സ് ഇമേര്‍ജ് സെര്‍ച്ചില്‍ ലഭിച്ചു. ആ വീഡിയോ ചുവടെ ചേര്‍ക്കുന്നു. 

TET, TAT candidates protests | Clash between TET-TAT pass candidates and police in Gandhinagar.

നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരത്തെ അറിയിച്ചിരുന്നു. കാരണക്കാർ എത്ര വലിയ ഉദ്യോ​ഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വിശദമാക്കിയിരുന്നു. 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്‍ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന് കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്.

Read more: ആകാശ എയറിന്‍റെ വിമാനത്തിലെ അറിയിപ്പുകള്‍ സംസ്‌കൃതത്തിലാണോ? വീഡിയോയുടെ വസ്‌തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം