ഹൈദരാബാദ്: തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ തീവ്രന്യൂനമർദ്ദത്തെ തുടര്‍ന്നുണ്ടായ മഴ കനത്ത നാശമാണ് വിതച്ചത്. ഹൈദരാബാദ് നഗരമുള്‍പ്പടെ പലയിടങ്ങളും അപ്രതീക്ഷിത മഴയില്‍ മുങ്ങി. ഇതിന് പിന്നാലെ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയില്‍ ചിലതൊക്കെ വ്യാജമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. 

പ്രചരിക്കുന്ന വീഡിയോ

കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ റോഡിലെ സിഗ്‌നല്‍ ലൈറ്റ് ഒഴുകിപ്പോവുന്ന വീഡിയോ കാണാത്തവര്‍ ചുരുക്കമായിരിക്കും. 'ചരിത്രത്തിലാദ്യം, ഹൈദരാബാദില്‍ സിഗ്‌നല്‍ റോഡ് ക്രോസ് ചെയ്യുന്നു' എന്ന തലക്കെട്ടിലാണ് ഈ വീഡിയോ ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ പ്രചാരണത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ. 

 

വസ്‌തുത 

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ പറയുന്നതല്ല വസ്‌തുത. തെലങ്കാനയിലോ ആന്ധ്രാപ്രദേശിലോ അല്ല, ചൈനയില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് വ്യക്തമായിരിക്കുന്നത്. ഇന്ത്യ ടുഡേ ഫാക്‌ട് ചെക്ക് വിഭാഗം InVID ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലാണ് ഇത് വ്യക്തമായത്. മാത്രമല്ല, 2018ലെ വീഡിയോ ആണിത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

 

നിഗമനം

പ്രളയജലത്തില്‍ ട്രാഫിക് സിഗ്‌നല്‍ ഒഴുകിപ്പോവുന്നതായി പ്രചരിച്ച വീഡിയോയ്‌ക്ക് തെലങ്കാന- ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ തീവ്രന്യൂനമർദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയുമായി ബന്ധമില്ല. മഴക്കെടുതിയില്‍ ഇരു സംസ്ഥാനങ്ങളിലുമായി നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഹൈദരാബാദ് നഗരത്തിലും കനത്ത നാശമാണ് പ്രളയസമാന മഴ വിതച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​