ഇന്ത്യയില്‍ വീണ്ടും നിപ്പ വൈറസ് പടരുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനമെന്താണ്? അപൂര്‍വ്വവും അപകടകാരിയുമായ നിപ്പ വൈറസ് ഇന്ത്യയില്‍ പടരുന്നു. ഇതുവരെ ബാധിച്ച എല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ അടിസ്ഥാനമെന്താണ്?

പ്രചാരണം

അപൂര്‍വ്വവും അപകടകാരിയുമായ നിപ്പ വൈറസ് ഇന്ത്യയില്‍ പടരുന്നു. രോഗം അതീവ അപകടകാരിയായാണ് പടരുന്നത്. വൈറസ് ബാധിച്ചവരെല്ലാം മരണത്തിന് കീഴങ്ങുന്ന അവസ്ഥയാണ്. പന്നി ഫാം ഉടമകളിലാണ് വൈറസ് പടര്‍ന്നത്.  വവ്വാലുകളിലൂടെയാണ് രോഗം പടരുന്നത്. തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് രോഗം ബാധിച്ച 18 പേരില്‍ 17 പേരും മരണത്തിന് കാരണമായിട്ടുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത് എന്നാണ് പ്രചാരണം അവകാശപ്പെടുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്‍റെ വാര്‍ത്ത സഹിതമാണ് പ്രചാരണം

വസ്തുത

രണ്ടുവര്‍ഷം മുന്‍പുള്ള വാര്‍ത്തയുപയോഗിച്ചാണ് ജൂണ്‍ ആദ്യവാരം മുതല്‍ പ്രചാരണം നടക്കുന്നത്. കേരളത്തില്‍ 17 പേര്‍ നിപ്പ ബാധിച്ച മരിച്ചതിന് പിന്നാലെ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

വസ്തുതാ പരിശോധനാ രീതി

2018 ജൂണ്‍ 4ന് ദി ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇന്ത്യ ടുഡേയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയത്. നിപ്പ ബാധിച്ച മരണനിരക്ക് 40-70 ശതമാനമാണ്. 

നിഗമനം

ജൂണ്‍ ആദ്യവാരം മുതല്‍ നിപ്പ പടരുന്നുവെന്ന പേരില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. രണ്ട് വര്‍ഷം മുന്‍പുള്ള വാര്‍ത്തയുപയോഗിച്ചാണ് കൊവിഡ് 19 മഹാമാരിക്കിടെ വ്യാജപ്രചാരണം നടത്തുന്നത്.