ഒരു ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സില്‍ നിന്ന് സ്ട്രെച്ചർ സഹിതം രോഗി റോഡിലേക്ക് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. തമിഴ്‌നാട്ടിലെ കൂനൂരില്‍ നടന്ന സംഭവം എന്ന് പറയുന്നത് സത്യമോ? ഫാക്‌ട് ചെക്കിലൂടെ അറിയാം.

ഓടിക്കൊണ്ടിരിക്കുന്ന ഒരു ആംബുലന്‍സിന്‍റെ പിന്‍വാതില്‍ നിന്നും രോഗി സ്ട്രെച്ചർ സഹിതം റോഡിലേക്ക് വീഴുന്ന ദ‍ൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വീഡിയോ എന്ന അവകാശവാദത്തോടെ അനവധി പേരാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

പ്രചാരണം

ഒരു ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സില്‍ നിന്ന് സ്ട്രെച്ചർ സഹിതം രോഗി റോഡിലേക്ക് വീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. തമിഴ്‌നാട്ടിലെ കൂനൂരില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന അവകാശവാദത്തോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ആംബുലന്‍സിന് പിന്നില്‍ വരുന്നൊരു വാഹനത്തില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. രോഗി വീണതറിയാതെ ആംബുലന്‍സ് പോകുന്നതും, രോഗിയുമായി സ്ട്രെച്ചർ റോഡിലൂടെ തെന്നിനീങ്ങുന്നതും വീഡിയോയില്‍ കാണാം. ഞെട്ടിക്കുന്ന ഈ വീഡിയോ യഥാര്‍ഥയോ? അതോ എഐ നിര്‍മിതമോ? എന്ന് പലരും കമന്‍റ് ബോക്‌സില്‍ ചോദിക്കുന്നത് കാണാം.

Scroll to load tweet…

വസ്‌തുതാ പരിശോധന

തമിഴ്‌നാട്ടില്‍ ഇത്തരമൊരു സംഭവം നടന്നോ എന്നറിയാന്‍ കീവേഡ് പരിശോധന നടത്തിയെങ്കിലും ആധികാരികമായ വാര്‍ത്തകളൊന്നും ലഭ്യമായില്ല. മാത്രമല്ല, വൈറല്‍ വീഡിയോയില്‍ കാണുന്ന പശ്ചാത്തലം ഇന്ത്യയല്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തവുമാണ്. ഇന്ത്യന്‍ റോഡുകളുടെ ദൃശ്യമല്ലിത് എന്ന് ഉറപ്പിക്കാം. ഹൈവേയിലെ സൈന്‍ ബോര്‍ഡില്‍ എഴുതിയിരിക്കുന്ന സ്ഥലനാമങ്ങള്‍ തമിഴ്‌നാട്ടിലെയോ ഇന്ത്യയിലേയോ പോലുമല്ല എന്നും വ്യക്തം. സ്ട്രെച്ചറിന്‍റെ ടയറുകള്‍ അലക്ഷ്യമായി തെറ്റിയിരിക്കുന്നതും, അതിനനുസൃതമായി സ്ട്രെച്ചർ നീങ്ങാത്തതും വീഡിയോ എഐയാവാം എന്ന സംശയം ജനിപ്പിച്ചു. ഈ വീഡിയോ എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ലഭിച്ച മറുപടി, ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതം എന്നുതന്നെയാണ്.

വീഡിയോയില്‍ കാണുന്ന CRIOLLA എന്ന വാട്ടര്‍മാര്‍ക്ക് പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നവംബര്‍ 3ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയും കാണാനായി. പോർട്ടോ റിക്കോയില്‍ നടന്ന സംഭവം എന്നാണ് ഇന്‍സ്റ്റ വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌ത ഇന്‍സ്റ്റഗ്രാം ഐഡി പരിശോധിച്ചപ്പോള്‍, നിരവധി എഐ നിര്‍മ്മിത വീഡിയോകള്‍ ആ അക്കൗണ്ടില്‍ കാണാനായി. ഇതും വീഡിയോയുടെ യാഥാര്‍ഥ്യം എന്താണ് എന്ന സൂചന നല്‍കി.

നിഗമനം

തമിഴ്‌നാട്ടിലെ ഹൈവേയിൽ ആംബുലൻസിൽ നിന്ന് രോഗി പുറത്തേക്ക് വീണതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോയാണിത് എന്നാണ് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്