ആയിരക്കണക്കിന് മനുഷ്യരെ ബാധിച്ച സുനാമിത്തിരകളുടെ ദൃശ്യങ്ങള്‍ എന്ന പേരിലാണ് വീഡിയോ എക്സില്‍ പങ്കുവെക്കപ്പെടുന്നത്

റഷ്യയെ വിറപ്പിച്ച് ഇന്ന് പുലര്‍ച്ചെ 8.8 തീവ്രതയിലുണ്ടായ അതിശക്തമായ ഭൂകമ്പം വലിയ സുനാമി ഭീതിക്കും വഴിതുറന്നിരിക്കുകയാണ്. റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കംചട്‌ക ഉപദ്വീപിന് സമീപത്തായായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവസ്ഥാനം. അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യന്‍ പ്രദേശങ്ങളിലും ജപ്പാനിലുമടക്കം സുനാമിത്തിരകള്‍ എത്തിയതായാണ് ഇതിനകം രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. റഷ്യന്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള സുനാമിയുടേത് എന്ന അവകാശവാദത്തോടെ അനേകം വീഡിയോകളും ചിത്രങ്ങളുമാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാവുന്നത്. ഇതിലൊരു വീഡിയോയുടെ യാഥാര്‍ഥ്യം മറ്റൊന്നാണ്.

പ്രചാരണം

'റഷ്യയില്‍ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി ആയിരക്കണക്കിന് മനുഷ്യരെ ഒഴുക്കിക്കൊണ്ടുപോയി', 'റഷ്യയിലെ സുനാമിയുടെ ഭീതിജനകമായ ദൃശ്യങ്ങള്‍'- എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എക്സ് യൂസര്‍മാര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. എക്സ് പോസ്റ്റുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു. കടല്‍ത്തീരത്ത് അതിശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുന്നതും ബോട്ടുകള്‍ ഒഴുകിപ്പോകുന്നതും, രണ്ട് പേര്‍ അവ സംരക്ഷിക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം. എക്സ് യൂസര്‍മാര്‍ അവകാശപ്പെടുന്നത് പോലെ ഈ വീഡിയോ റഷ്യയില്‍ നിന്നുള്ളത് തന്നെയോ?

Scroll to load tweet…

Scroll to load tweet…

വസ്‌തുതാ പരിശോധന

എക്‌സില്‍ നിരവധി യൂസര്‍മാര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോ റഷ്യന്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയുടേത് അല്ലെന്ന് പലരും കമന്‍റുകള്‍ രേഖപ്പെടുത്തിയതായി കാണാം. വീഡിയോ ഗ്രീന്‍ലന്‍ഡില്‍ നിന്നുള്ളതാണ് എന്ന് പലരും സൂചിപ്പിച്ചിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് നടത്തിയ കീവേഡ് സെര്‍ച്ചില്‍ വീഡിയോയുടെ ഒറിജിനല്‍ കണ്ടെത്താനും ദൃശ്യങ്ങള്‍ പഴയതാണെന്നും ഉറപ്പിക്കാനായി. റഷ്യയില്‍ നിന്നുള്ളത് എന്ന കുറിപ്പുകളില്‍ ഇപ്പോള്‍ എക്സില്‍ വൈറലായിരിക്കുന്ന അതേ വീഡിയോ 2021 ഏപ്രില്‍ 9ന് Licet Studios എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്‌തിരുന്നതാണ്. അതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. ഗ്രീന്‍ലന്‍ഡ് സുനാമി എന്ന തലക്കെട്ടിലാണ് നാല് വര്‍ഷം മുമ്പ് ഈ വീഡിയോ യൂട്യൂബില്‍ പബ്ലിഷ് ചെയ്തത്. അതിനാല്‍, ഇപ്പോള്‍ റഷ്യയിലേത് എന്ന പേരില്‍ വൈറലായിരിക്കുന്ന വീഡിയോ പഴയതാണെന്നും, ഗ്രീന്‍ലന്‍ഡില്‍ നിന്നുള്ളതുമാണ് എന്നുമാണ് മനസിലാക്കേണ്ടത്.

നിഗമനം

റഷ്യന്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയുടെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്, ഇത് ഗ്രീന്‍ലന്‍ഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് എന്നാണ് പരിശോധനയില്‍ ലഭ്യമായ വിവരം. ഇതേ വീഡിയോ 'അലാസ്കയിലെ സുനാമി ദൃശ്യങ്ങള്‍' എന്നുള്ള കുറിപ്പുകളോടെ 2023ല്‍ വൈറലായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News