അയോധ്യയിലെ ജടായുവിന്‍റെ എന്നവകാശപ്പെടുന്ന വീഡിയോ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത് 

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാകര്‍മ്മത്തിന് മുന്നോടിയായി ജടായു പറന്നിറങ്ങി എന്ന പേരിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഭീമാകാര രൂപമുള്ള കഴുകന്‍മാര്‍ തറയിലിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവയിലൊന്ന് വലിയ ചിറകുകള്‍ വിരിച്ചിരിക്കുന്നതും കാണാം. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

'ജഡായു, അയോധ്യ' എന്ന തലക്കെട്ടിലാണ് പറമ്പന്‍ ഷാജി എന്നയാള്‍ അയോധ്യയിലെ ജടായുവിന്‍റെ എന്നവകാശപ്പെടുന്ന റീല്‍സ് ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂട്ടം കഴുകന്‍ പക്ഷികളെ വീഡിയോയില്‍ കാണാം. വീഡിയോയും സ്ക്രീന്‍ഷോട്ടും ചുവടെ കൊടുത്തിരിക്കുന്നു.

മറ്റ് നിരവധിയാളുകളും സമാന വീഡിയോ എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 2024 ജനുവരി മൂന്നിന് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ 30000ത്തിലേറെ പേര്‍ ഇതിനകം കണ്ടു. ഈ സാഹചര്യത്തില്‍ എന്താണ് ഈ വീഡിയോയുടെ വസ്‌തുത എന്ന് നോക്കാം.

എക്‌സിലെ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്തുതാ പരിശോധന

പ്രചരിക്കുന്ന വീഡിയോയ്‌ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഈ വീഡിയോ അയോധ്യയില്‍ നിന്നുള്ളതുമല്ല. വീഡിയോയുടെ വസ്‌തുത പരിശോധിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. അയോധ്യയിലേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2021ലും, 2022ലുമൊക്കെ ഇന്‍റര്‍നെറ്റില്‍ പലരും അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. വീഡിയോ ഏറെ പഴയതാണ് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. 

വീഡിയോ പഴയതാണ് എന്ന് കാണിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ (തിയതികള്‍ ശ്രദ്ധിക്കുക)

അതേസമയം വീഡിയോ അറബി അടക്കമുള്ള ഭാഷകളില്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും ദൃശ്യത്തിന്‍റെ യഥാര്‍ഥ ഉറവിടം കണ്ടെത്താനായില്ല. വീഡിയോ അയോധ്യയില്‍ നിന്നുള്ളതല്ല എന്ന് കഴുകന്‍മാര്‍ക്ക് സമീപത്തുള്ള മരങ്ങളുടെയും മഞ്ഞുവീണ് കിടക്കുന്ന മലകളുടെയും സൂചനയില്‍ നിന്ന് വ്യക്തം. വീഡിയോയില്‍ കാണുന്ന ഭൂപ്രകൃതിയല്ല അയോധ്യയിലേത്. 

നിഗമനം

രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ ജടായു പറന്നിറങ്ങിയതായി പ്രചരിക്കുന്ന വീഡിയോ വര്‍ഷങ്ങള്‍ പഴക്കമുള്ളതും മറ്റേതോ സ്ഥലത്തുനിന്നുള്ളതുമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. 

Read more: അയോധ്യയിലേക്കുള്ള ക്ഷണക്കത്തുമായി നരേന്ദ്ര മോദി നേരിട്ട് വീടുകളിലെത്തിയോ? വീഡിയോയുടെ വസ്‌തുത ഇത്- Fact Check