സമാനമായ അവകാശവാദത്തോടെ വീഡിയോ എക്‌സിലും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്

ഇത്തവണത്തെ എഫ്‌എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് മാഞ്ചസ്റ്റര്‍ സിറ്റി 2-1ന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ഒരു വീഡിയോ എക്‌സും ഫേസ്‌ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. പെപ് ഇസ്രയേലി പ്രതിനിധിക്ക് ഹസ്‌തദാനം നല്‍കാതെ, പലസ്‌തീന് ഐക്യദാര്‍ഢ്യം നല്‍കുന്ന തന്‍റെ രാഷ്ട്രീയ നിലപാട് ഉറക്കെ പ്രഖ്യാപിച്ചു എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം. എന്താണ് ഇതിലെ വസ്‌തുത എന്ന് നോക്കാം.

പ്രചാരണം

ഈ അവകാശവാദത്തോടെ വീഡിയോ ഫേസ്‌ബുക്കില്‍ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'പ്രമുഖ സ്പാനിഷ് കോച്ച് പെപ്പ് ഗാർഡിയോള ഇസ്രായേൽ സയനിസ്റ്റ് പ്രതിനിധിക്ക് കൈ കൊടുക്കാതെ പ്രതിഷേധം രേഖപ്പെടുത്തുന്നു!'- എന്ന് മലയാളത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പോസ്റ്റുകളുടെ ലിങ്കുകള്‍ 1, 2, 3 എന്നിവയില്‍ കാണാം. 

ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

പ്രമുഖ ഫുട്ബോള്‍ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള ഇസ്രയേലി പ്രതിനിധിക്ക് കൈകൊടുക്കാന്‍ വിസമ്മതിച്ചു എന്ന് ഇംഗ്ലീഷിലുള്ള കുറിപ്പോടെ വീഡിയോ എക്‌സില്‍ (പഴയ ട്വിറ്റര്‍) നിരവധിയാളുകള്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നതായും കാണാം. ട്വീറ്റുകളുടെ ലിങ്കുകള്‍ 1, 2, 3 ചേര്‍ത്തിരിക്കുന്നു. 

Scroll to load tweet…
Scroll to load tweet…

വസ്‌തുതാ പരിശോധന

എന്നാല്‍ പെപ് ഗ്വാര്‍ഡിയോളയെ കുറിച്ചുള്ള പ്രചാരണം വ്യാജമാണ്. യാഥാര്‍ഥ്യമറിയാന്‍ നടത്തിയ കീവേഡ് സെര്‍ച്ചിലും കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലും പെപ്പിന്‍റെ നടപടിയെ കുറിച്ചുള്ള വിശദമായ വാര്‍ത്തകള്‍ ലഭിച്ചു. 

പെപ് ഗ്വാര്‍ഡിയോള ഹസ്തദാനം നല്‍കാതിരിക്കുന്നതായി വീഡിയോയില്‍ കാണുന്നയാള്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബായ ക്രിസ്റ്റല്‍ പാലസിന്‍റെ ക്ലബ് മുന്‍ മാനേജര്‍ അലന്‍ സ്‌മിത്താണ്. മനപ്പൂര്‍വമോ അല്ലാതെയോ അലന് കൈകൊടുക്കാതെ പെപ് നടന്നുനീങ്ങിയതിനെ കുറിച്ച് ഇംഗ്ലീഷ് മാധ്യമമായ സ്പോര്‍ട്‌‌ബൈബിള്‍ ഡോട് കോം 2023 ഓഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. വൈറലായ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് സ്പോര്‍ട്‌‌ബൈബിളിന്‍റെ വാര്‍ത്തയിലും കാണാം. 2023ലെ എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ആഴ്‌സണലിനോട് തോറ്റ ശേഷം റണ്ണറപ്പ് ട്രോഫി ഏറ്റുവാങ്ങാന്‍ പെപ്പും സിറ്റി താരങ്ങളും പോകുന്നതില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നു.

സ്പോര്‍ട്‌‌ബൈബിള്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ക്രിസ്റ്റല്‍ പാലസ് മുന്‍ മാനേജര്‍ അലന്‍ സ്‌മിത്തിന് കൈനല്‍കാതെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള നടന്നുപോയതായി ഡെയ്‌ലി സ്റ്റാര്‍ 2023 ഓഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ച വാര്‍ത്തയും കീവേഡ് സെര്‍ച്ചില്‍ ലഭിച്ചു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. പെപ്പിന്‍റെ വീഡിയോ സംബന്ധിച്ച വസ്‌തുത ഈ തെളിവുകളില്‍ നിന്ന് വ്യക്തമാണ്.

ക്രിസ്റ്റല്‍ പാലസ് അടക്കമുള്ള ക്ലബുകളുടെ മുന്‍ പരിശീലകനായ അലന്‍ സ്‌മിത്ത് ആരാണ് എന്ന് പരിശോധിക്കുകയും ചെയ്തു. ഇപ്പോള്‍ 77 വയസുള്ള അലന്‍ സ്‌മിത്ത് ഇംഗ്ലണ്ട് പൗരനാണ് എന്ന് ട്രാന്‍സ്‌ഫര്‍മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പറയുന്നു. 

നിഗമനം

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍‍ഡിയോള ഇസ്രയേല്‍ പ്രതിനിധിക്ക് ഹസ്തദാനം നിഷേധിച്ചു എന്ന പ്രചാരണം തെറ്റാണ്. പെപ് കൈനല്‍കാത്തതായി വീഡിയോയില്‍ കാണുന്നത് ക്രിസ്റ്റല്‍ പാലസ് മുന്‍ പരിശീലകന്‍ അലന്‍ സ്‌മിത്താണ്. ഇദേഹം യുകെ സ്വദേശിയാണ്. 

Read more: നെഞ്ച് പിടയ്ക്കുന്ന ദൃശ്യങ്ങള്‍; തമിഴ്‌നാട്ടിലെ ആലിപ്പഴവര്‍ഷമോ ഇത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം