പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലന്‍ഡില്‍ ഒരു ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ പലസ്‌തീന്‍ പതാകകള്‍ വീശി എന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്
ഡബ്ലിന്‍: ഹമാസ്- ഇസ്രയേല്‍ പ്രശ്‌നം മൂര്‍ഛിച്ച് നില്‍ക്കേ സംഘര്‍ഷത്തിന്‍റെ നിരവധി വീഡിയോകളാണ് ട്വിറ്ററും ഫേസ്‌ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാണുന്ന ആരെയും ഭയത്തിലാക്കുന്നതും കണ്ണീരണിയിക്കുന്നതുമാണ് ഇതിലെ ഏറെ ദൃശ്യങ്ങളും. നിലവിലെ സംഘര്‍ഷങ്ങളില്‍ പലസ്തീനും ഇസ്രയേലിനും പിന്തുണയറിച്ച് ലോകമെമ്പാടും നിന്ന് പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ അയര്‍ലന്‍ഡിലെ ഒരു ഫുട്ബോള്‍ മത്സരത്തില്‍ കാണികള്‍ പലസ്തീനെ പിന്തുണച്ച് നിരവധി പതാകകള്‍ വീശിയോ?
പ്രചാരണം
ട്വിറ്ററില്‍ 2023 ഒക്ടോബര്‍ 10-ാം തിയതിയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലന്‍ഡില്‍ ഒരു ഫുട്ബോള്‍ മത്സരത്തിനിടെ കാണികള്‍ പലസ്‌തീന്‍ പതാകകള്‍ വീശി എന്ന കുറിപ്പോടെയാണ് വീഡിയോ എം ഫൈസാന്‍ ഖാന്‍ എന്നയാള്‍ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഐ സ്റ്റാന്‍ഡ് വിത്ത് പലസ്‌തീന്‍ എന്ന ഹാഷ്‌ടാഗും വീഡിയോയ്‌ക്ക് ഒപ്പമുണ്ട്. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമാണ് താന്‍ എന്നാണ് ഫൈസാന്‍ ഖാന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിവരണം. അയര്‍ലന്‍ഡില്‍ നിന്നുള്ള ദൃശ്യമാണിത് എന്ന് അവകാശപ്പെടുന്ന മറ്റൊരു ട്വീറ്റും കാണാം.
വസ്‌തുത
എന്നാല്‍ ഈ വീഡിയോ അയര്‍ലന്‍ഡില്‍ ഫുട്ബോള്‍ ആരാധകര്‍ പലസ്‌തീന് പിന്തുണ അറിയിക്കുന്നതിന്‍റെ അല്ല. മൊറോക്കോയില്‍ മുമ്പ് നടന്ന ഫുട്ബോള്‍ മത്സരത്തിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ അയര്‍ലന്‍ഡില്‍ നിന്നല്ല മൊറോക്കോയില്‍ നിന്നാണ് എന്ന് പലരും ട്വീറ്റിന് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇതിനാല്‍ തന്നെ വീഡിയോയുടെ ആധികാരിക റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെയും, കീവേഡ് സെര്‍ച്ചിലൂടേയും പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതില്‍ നിന്നാണ് വീഡിയോ മൊറോക്കോയില്‍ നിന്നാണ് എന്ന് വ്യക്തമായത്. മൊറോക്കന്‍ ക്ലബ് റാജ കാസാബ്ലാങ്കയുടെ മത്സരത്തില്‍ നിന്നുള്ള ദൃശ്യമാണിത് എന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ വീഡിയോ ചിത്രീകരിച്ച തിയതി പരിശോധനയില്‍ കണ്ടെത്താനായില്ല.
