ലോകാരോഗ്യ സംഘടനയുടെ തലവന്‍ കൊവിഡ് വാക്‌സീന്‍ എടുത്തില്ല എന്ന പ്രചാരണം ഇതാദ്യമല്ല

ലോകത്തെ പിടിച്ചുലച്ച മഹാമാരിയായിരുന്നു കൊവിഡ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറെ പ്രയാസപ്പെട്ട് ജീവിച്ച കാലം. കൊവിഡ് വാക്‌സീന്‍ എത്തിയതോടെയാണ് മഹാമാരിയുടെ ഭീഷണി ഒന്നയഞ്ഞത്. ലോകമെമ്പാടുമുള്ള ജനങ്ങളോട് വാക്‌സീന്‍ എടുക്കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഡബ്ല്യൂഎച്ച്‌ഒയുടെ തലവന്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് സ്വയം മാറിനിന്നോ? 

പ്രചാരണം

ലോകാരോഗ്യ സംഘടയുടെ തലവന്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് കൊവിഡ് വാക്‌സീന്‍ എടുത്തില്ല എന്ന് പറഞ്ഞതായാണ് വീഡിയോ വഴിയുള്ള പ്രചാരണം. ടെഡ്രോസിന്‍റെ വീഡിയോ പലരും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ലോകാരോഗ്യ സംഘടനയുടെ തലവന്‍ കൊവിഡ് വാക്‌സീന്‍ എടുത്തില്ല എന്ന പ്രചാരണം ഇതാദ്യമല്ല. മുമ്പ് ഓഗസ്റ്റ് 2022ലും സമാന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലുണ്ടായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന അതേ വീഡിയോ തന്നെയാണ് അന്നും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് പറയുന്നത് താന്‍ വാക്‌സീന്‍ സ്വീകരിച്ചിട്ടില്ല എന്നല്ല. ആഫ്രിക്കയിലെ എത്യോപ പോലൊരു ദരിദ്ര്യ രാജ്യത്ത് നിന്ന് വരുന്ന ആളെന്ന നിലയ്‌ക്ക് അവിടങ്ങളില്‍ ഡോസ് എത്തുവരെ താന്‍ വാക്‌സീന്‍ സ്വീകരിക്കാനായി കാത്തിരുന്നു എന്നാണ് ടെഡ്രോസ് അധാനോം ഗെബ്രിയേസസ് പറഞ്ഞത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഒരു അഭിമുഖത്തില്‍ പറഞ്ഞ പല കാര്യങ്ങള്‍ എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് ഈ പ്രചാരണം തകൃതിയായി നടക്കുന്നത് എന്നും വ്യക്തമായി. 

2021 മെയ് 12ന് ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ആദ്യ കൊവിഡ് ഡോസ് സ്വീകരിച്ചിരുന്നു. ഇതിന്‍റെ ചിത്രം അദേഹം സാമൂഹ്യമാധ്യമായ എക്‌സില്‍ (ട്വിറ്റര്‍) അന്ന് പങ്കുവെച്ചിരുന്നു. എല്ലാവരോടും വാക്‌സീന്‍ എടുക്കാന്‍ അന്ന് അദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു.

Scroll to load tweet…

Read more: നിറയെ ചുവന്ന കൊടികള്‍, നിരത്തില്‍ അട്ടിയിട്ട പോലെ ഓട്ടോറിക്ഷകള്‍; ചിത്രം ബെംഗളൂരുവിലേതാണ്, പക്ഷേ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം