തെരഞ്ഞെടുപ്പ് കാലം ഇന്ത്യയില്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് കാലമാണ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ന് തയ്യാറെടുക്കുകയാണ് ഇന്ത്യ. നിലവിലെ ഭരണ മുന്നണിയായ എന്‍ഡിഎയും പ്രതിപക്ഷ ഐക്യമായ ഇന്ത്യയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴി‌ഞ്ഞു. ഇതോടെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചാരണം സജീവമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തില്ലെങ്കില്‍ 350 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്‌ടമാകും എന്നാണ് ഈ പ്രചാരണം. പ്രധാനമായും വാട്‌സ്‌ആപ്പും ഫേസ്‌ബുക്കും വഴിയാണ് ഈ പ്രചാരണം ശക്തമായിരിക്കുന്നത്. 

പ്രചാരണം

തെരഞ്ഞെടുപ്പ് കാലം ഇന്ത്യയില്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് കാലമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നൂറുകണക്കിന് വ്യാജ പ്രചാരണങ്ങളും വാര്‍ത്തകളുമാണ് പടര്‍ന്നത്. ഇത്തവണ ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പുതന്നെ വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 350 രൂപ പിന്‍വലിക്കപ്പെടും എന്നാണ് ഈ പ്രചാരണം. 'എല്ലാ ഭാഗത്ത് നിന്ന് കൊള്ളയാണ്. നിങ്ങള്‍ വോട്ട് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 350 രൂപ പിടിക്കും. അതല്ലെങ്കില്‍ റിച്ചാര്‍ജില്‍ നിന്ന് ഈ തുക പിഴയായി ഈടാക്കും' എന്നുമാണ് രഞ്ജിത് ഹണ്ടാല്‍ എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം.

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഇത്തരത്തിലൊരു തീരുമാനവും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം എക്‌സിലൂടെ(ട്വിറ്റര്‍) അറിയിച്ചു.

Scroll to load tweet…

വോട്ട് ചെയ്‌തില്ലെങ്കില്‍ പിഴ ഈടാക്കുമെന്നുള്ള അറിയിപ്പ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലോ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ ഇല്ല. അതേസമയം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വക്‌താവ് ട്വീറ്റ് ചെയ്‌തിട്ടുണ്ട് എന്ന് കണ്ടെത്താനുമായി. വോട്ട് ചെയ്‌തില്ലെങ്കില്‍ 350 രൂപ പിഴ ഈടാക്കും എന്ന വാര്‍ത്ത ഇതാദ്യമായല്ല രാജ്യത്തെ വാട്‌സ്‌ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

Scroll to load tweet…

Read more: '12 വയസുകാരിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ട ഇന്ത്യക്കാരന്‍ യുകെയില്‍ പിടിയില്‍'; മാപ്പിരക്കല്‍ വീഡിയോ സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം