ചായ ഇഷ്ടമല്ലാത്തവര്‍ വിരളമായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ചിലര്‍ ചായ ഒഴിവാക്കാറുണ്ട്. എങ്കിലും മിക്കവാറും പേരുടെയും ഇഷ്ടപാനീയം തന്നെ ചായ. ദിവസം തുടങ്ങുന്നത് തന്നെ ചായയോടെ ആകാനാണ് അധികപേരും താല്‍പര്യപ്പെടുന്നത്. 

ചായപ്രേമികളാകട്ടെ, പതിവായി വീട്ടില്‍ തയ്യാറാക്കുന്ന ചായയ്ക്ക് പുറമെ വിവിധ ഫ്‌ളേവറുകളിലുള്ള ചായകള്‍ പുറത്തുപോയി പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതനുസരിച്ച് ചായയില്‍ പരീക്ഷണം നടത്തി, വില്‍പന നടത്തുന്ന കച്ചവടക്കാരും ഏറെയാണ്. 

ഇത്തരത്തില്‍ ചായയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാമെന്ന ലക്ഷ്യത്തോടെ 2014ല്‍ കൊല്‍ക്കത്തയിലെ പാലിശ്രീയില്‍ ടീ സ്റ്റാള്‍ തുടങ്ങിയതായിരുന്നു പാര്‍ത്ഥ പ്രതിം ഗാംഗുലി എന്ന യുവാവ്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഗാംഗുലി ടീ സ്റ്റാള്‍ തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനകം തന്നെ ഗാംഗുലിയുടെ ടീസ്റ്റാള്‍ ശ്രദ്ധിക്കപ്പെട്ടു. 

ഗുണമേന്മയുള്ള പല തരം തേയിലകള്‍ ലോകത്തിന്റെ പലയിടത്ത് നിന്നുമായി എത്തിച്ചായിരുന്നു ഗാംഗുലിയുടെ ചായ പരീക്ഷണങ്ങള്‍. ഇവിടത്തെ ഏറ്റവും വില കൂടിയ ഒരു ചായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കപ്പൊന്നിന് 1000 രൂപ എന്നതാണ് ഇതിന്റെ വില. എത്ര വിലപിടിപ്പുള്ളതാണെങ്കില്‍ ആയിരം രൂപയ്ക്ക് ഒരു ചായയെന്ന് കേട്ടാല്‍ സ്വല്‍പമൊരു അത്ഭുതം തോന്നുക സ്വാഭാവികം. 

'സില്‍വര്‍ നീഡില്‍ വൈറ്റ് ടീ' എന്നാണ് ഈ സൂപ്പര്‍ സ്‌പെഷ്യല്‍ ചായയുടെ പേര്. സ്വതവേ നിലവാരവും ഗുണമേന്മയും കൂടുതലായ 'വൈറ്റ് ടീ' ഇനത്തില്‍ പെടുന്നതാണിത്. അത്രമാത്രം മൂല്യമുള്ള തേയില ഉപയോഗിച്ച് തയ്യാറാക്കുന്നതിനാലാണ് ഈ ചായയ്ക്ക് ഇത്രയും വില വരുന്നതാണെന്ന് ഗാംഗുലി പറയുന്നു.

'സാധാരണ ബ്ലാക്ക് ടീ 100 കിലോ ഉത്പാദിപ്പിക്കാനെടുക്കുന്ന സമയത്തിന്റെയും, സാമ്പത്തിക ചെലവിന്റെയും, തൊഴിലാളികളുടെ അധ്വാനത്തിന്റെയും മൂന്ന് മടങ്ങ് കൂടുതലാണ് ഈ ചായയ്ക്ക് ആവശ്യമായി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ തേയിലകളിലൊന്നാണ് ഇത്...'- ഗാംഗുലി പറയുന്നു. 

ഗ്രീന്‍ ടീയെക്കാളും ആരോഗ്യഗുണങ്ങളാണ് 'വൈറ്റ് ടീ'യ്ക്ക് ഉള്ളതത്രേ. ഇതിലടങ്ങിയിരിക്കുന്ന പ്രത്യേകതകളേറെയുള്ള ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ കെമിക്കലുകളും ആരോഗ്യത്തിന് പല തരത്തിലുള്ള മെച്ചമുണ്ടാക്കുന്നു. ഈ തേയിലയുടെ സുഗന്ധം തന്നെ ആരെയും ആകര്‍ഷിക്കുന്നതാണെന്നും ഗാംഗുലി പറയുന്നു. എന്തായാലും ഇത്രമാത്രം സവിശേഷതകളുണ്ടെന്ന് അറിയുമ്പോള്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും ഈ ചായയൊന്ന് രുചിച്ച് നോക്കാന്‍ ചായപ്രേമികള്‍ക്ക് തോന്നിയേക്കാം, അല്ലേ?

Also Read:- രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കരുത്; കാരണങ്ങള്‍ അറിയാം...