Asianet News MalayalamAsianet News Malayalam

62 ദിവസത്തെ കോമയിൽ; ഒടുവിൽ 'ചിക്കൻ ഫ്രൈ' എന്ന് കേട്ടതും ഞെട്ടിയുണർന്നു കണ്ണുതുറന്ന് പതിനെട്ടുകാരൻ

 വേറെ എന്തൊക്കെ പങ്കുവെച്ചാലും, വിട്ടുകൊടുത്താലും ചിക്കൻ ഫ്രൈ വിട്ടൊരു കളി, അപകടത്തിന് മുമ്പ് ഒരിക്കലും ചിയുവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

62 days in coma, 18 year old woke up after hearing chicken fillet
Author
Taiwan, First Published Nov 11, 2020, 1:09 PM IST

ഇത് ഏറെ അവിശ്വാസസനീയമായ ഒരു സംഭവകഥയാണ്. തായ്‌വാനിൽ  ചിയു എന്ന് പേരുള്ള പതിനെട്ടുകാരനായ ഒരു യുവാവ് കഴിഞ്ഞ ജൂലൈയിൽ ഒരു സ്‌കൂട്ടർ അപകടത്തിന് ശേഷം ആന്തരികാവയവങ്ങൾക്കും മറ്റും ഗുരുതരമായി പരിക്കേറ്റ്, നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം, മയക്കം വിട്ടുണരാതെ, അബോധാവസ്ഥയിൽ കോമയിൽ കിടക്കുകയാണ്. ഒരേ കിടപ്പുതുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഭക്ഷണമെല്ലാം മൂക്കിൽ ട്യൂബിട്ടാണ് കൊടുക്കുന്നത്. ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവന്റെ അവസ്ഥയിൽ ഒരു മാറ്റവുമുണ്ടായില്ല. 

അവന്റെ കരളിനും, വലത്തേ വൃക്കയ്ക്കും അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു. സ്പ്ളെനെക്ടമി, ലിവർ റിപ്പയർ, ക്രാനയോട്ടമി എന്നിങ്ങനെ ആറു സങ്കീർണ്ണമായ സർജറികൾ കഴിഞ്ഞിരുന്നു അവന്റെ മേൽ. അസാമാന്യമായ മനോബലം ചിയു പ്രകടിപ്പിക്കാതെ ഒരു തിരിച്ചുവരവുണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി . ഒടുവിൽ അവന്റെ വീട്ടുകാരോട് ഇനി എന്തെങ്കിലും അത്ഭുതത്തിനായി പ്രാർത്ഥിക്കുക എന്നുവരെ ഡോക്ടർമാർ പറഞ്ഞു. ഒടുവിൽ, 62 ദിവസത്തെ കോമയിലെ കിടപ്പിന് ശേഷം അവിചാരിതമായി ഒരുനാൾ ആ അത്ഭുതവും നടന്നു. 

ദിവസങ്ങൾ കഴിയുന്തോറും കുടുംബാംഗങ്ങൾ ആ അപകടവുമായും, ചിയുവിന്റെ കോമ അവസ്ഥയുമായും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ചിയുവിനെ  തന്റെ സഹോദരൻ കോമയിൽ കിടക്കുന്ന കട്ടിലിനരികെ അവന്റെ തലയ്ക്കടുത്ത് വന്നിരുന്നു കൊണ്ട്, ചിയുവിന്റെ അനിയൻ ചുമ്മാ അവനെ പറ്റിക്കാൻ വേണ്ടി ഒരു തമാശ പറഞ്ഞു, "എടാ ഞാൻ നിന്റെ ചിക്കൻ ഫ്രൈ ഇപ്പോൾ എടുത്ത് തിന്നാൻ പോവുകയാണ്..." 

ചിക്കൻ ഫ്രൈ എന്നുവെച്ചാൽ ചിയുവിനു ജീവനാണ് എന്ന് വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. വേറെ എന്തൊക്കെ പങ്കുവെച്ചാലും, വിട്ടുകൊടുത്താലും ചിക്കൻ ഫ്രൈ വിട്ടൊരു കളി, അപകടത്തിന് മുമ്പ് ഒരിക്കലും ചിയുവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പറഞ്ഞത് ചുമ്മാ ആയിരുന്നു എങ്കിലും, അതിന്റെ പ്രതികരണം, ആഴ്ചകളോളം മരുന്നുകളോട് പ്രതികരിക്കാതിരുന്ന ചിയുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. അവന്റെ ഹൃദയമിടിപ്പുകൾ വേഗത്തിലായി. വിരലുകളും കൺപോളകളും അനങ്ങിത്തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവനു ബോധം തിരിച്ചു കിട്ടി. അവൻ കോമയിൽ നിന്ന് ഉണർന്നു. പിന്നീടങ്ങോട്ടുള്ള അവന്റെ റിക്കവറി വളരെ പെട്ടെന്നായിരുന്നു. പൂർണ്ണാരോഗ്യവാനായി, ഹോസ്പിറ്റലിലെ ജീവനക്കാർക്കൊപ്പം ഇരുന്ന് ഒരു കേക്കും മുറിച്ച് രോഗമുക്തി ആഘോഷിച്ചാണ് ചിയു ആശുപത്രി വിട്ടത്. 

Follow Us:
Download App:
  • android
  • ios