ഒരു വ്യക്തി 'വെജിറ്റേറിയന്‍' ആകുന്നത്, പല കാരണങ്ങള്‍ കൊണ്ടുമാകാം. ചിലര്‍ ജനിച്ചുവളര്‍ന്ന പശ്ചാത്തലം അങ്ങനെയാണെന്നത് കൊണ്ട് ആ രീതിയെ പിന്തുടരുന്നതാകാം. മറ്റ് ചിലര്‍ സ്വന്തം താല്‍പര്യാര്‍ത്ഥം തീരുമാനമെടുക്കുന്നതാകാം. എന്തുതന്നെ ആയാലും വെജിറ്റേറിയന്‍ ഡയറ്റ് എന്ന് പറയുന്നത് ഒരു 'സ്ട്രിക്ട്' ഡയറ്റായിട്ടാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ കണക്കാക്കുന്നത്. 

മത്സ്യം, മാംസം, മുട്ട, പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് സത്യത്തില്‍ വെജിറ്റേറിയന്‍ ഡയറ്റ്. ഇതിലേതെങ്കിലും ഒന്ന് കഴിച്ചാല്‍ ആ വ്യക്തിയെ വെജിറ്റേറിയന്‍ ഡയറ്റില്‍ പിന്നീട് ഉള്‍പ്പെടുത്താനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

എന്തായാലും ഇത്തരത്തില്‍ പൂര്‍ണ്ണമായി വെജിറ്റേറിയന്‍ ഡറ്റ് പിന്തുരുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മല്‍ഹോത്ര പറയുന്നത്. 'സ്ട്രിക്ട് വെജിറ്റേറിയന്‍' ആയവര്‍ക്ക് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട പല അവശ്യഘടകങ്ങളും ലഭിക്കാത്ത സാഹചര്യമുണ്ടായേക്കാം. അതുപോലെ കരുതലെടുക്കേണ്ട മറ്റ് ചിലത് കൂടിയുണ്ട്. അങ്ങനെയുള്ള ഏഴ് കാര്യങ്ങളാണ് പൂജ വിശദീകരിക്കുന്നത്. 

ഒന്ന്...

വെജിറ്റേറിയന്‍ ഡയറ്റ് എന്ന് പറയുന്നത് 'എക്‌സ്ട്രീം ഡയറ്റ്' ആണ്. അതായത് മറ്റുള്ളവര്‍ ആശ്രയിക്കുന്ന പല ഭക്ഷണങ്ങളും വെജിറ്റേറിയന്‍സ് ഒഴിവാക്കുകയാണ്.

 

 

അതിനാല്‍ തന്നെ അതീവ ജാഗ്രത ഭക്ഷണകാര്യങ്ങളില്‍ പുലര്‍ത്തണമെന്നതാണ് ഒന്നാമതായി പറയാനുള്ള കാര്യം. 

രണ്ട്...

വെജിറ്റേറിയന്‍ ഡയറ്റിലുള്ളവരില്‍ പ്രോട്ടീന്‍ കുറവ് കാണപ്പെടാന്‍ സാധ്യതയുണ്ട്. പാല്‍, മുട്ട, ചീസ് ന്നെിവയൊന്നും ഉപയോഗിക്കാത്തവരായത് കൊണ്ടുതന്നെ, മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് അവശ്യം പ്രോട്ടീന്‍ കണ്ടെത്താന്‍ അല്‍പം പ്രയാസം തന്നെയാണ്. 

മൂന്ന്...

പരിപ്പ്- പയറുവര്‍ഗങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരില്‍ സാധ്യതകളേറെയാണ്. 

നാല്...

വെജിറ്റേറിയന്‍ ഡയറ്റിലുള്ളവരില്‍ അയേണ്‍ കുറവ്, വിറ്റാമിന്‍ ബി-12 കുറവ്, ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കുറവ് എന്നിവയെല്ലാം കാണപ്പെടാറുണ്ട്. ഇവയെല്ലാം പലതരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് പിന്നീട് വഴിവച്ചേക്കാം. 

അഞ്ച്...

അവശ്യഘടകങ്ങളുടെ കുറവ് മൂലം രോഗപ്രതിരോധ ശേഷി കുറയുന്നതാണ് വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്കുള്ള മറ്റൊരു തിരിച്ചടി. 

ആറ്...

സോയ മില്‍ക്ക്, സോയ ബീന്‍സ് എന്നിവയെല്ലാമാണ് വെജിറ്റേറിയന്‍സ് പൊതുവേ പ്രോട്ടീന്‍ ലഭിക്കാനായി കഴിക്കാറുള്ളത്.

 

 

പക്ഷേ വിപണിയില്‍ ലഭ്യമായ സോയ പ്രോട്ടീനുകള്‍ പലപ്പോഴും പ്രോസസ്ഡ് ഭക്ഷണത്തോളം അപകടങ്ങളുണ്ടാക്കുന്നതാണ്. അക്കാര്യവും വെജിറ്റേറിയന്‍സ് കരുതേണ്ടതുണ്ട്. 

ഏഴ്...

റിഫൈന്‍ഡ് ആയ പൊടികള്‍, ഫ്രോസണ്‍ ഫുഡ്, ഫ്രൈഡ് ഫുഡ് എന്നിവയെല്ലാം വെജിറ്റേറിയന്‍ ഡയറ്റിലും വരുന്നുണ്ട്. അതും അത്ര ആരോഗ്യകരമായ ഭക്ഷണങ്ങളായി കരുതാനാകില്ല.