Asianet News MalayalamAsianet News Malayalam

പാല്‍ കുടിക്കാന്‍ മടിയാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. പാലും പാല്‍ ഉൽപന്നങ്ങളുമാണ് കാത്സ്യത്തിന്‍റെ ഏറ്റവും പ്രധാന ഉറവിടം.

add these foods to get Calcium from these Sources
Author
Thiruvananthapuram, First Published Aug 18, 2021, 4:46 PM IST

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം.  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ ക്ഷമതയ്ക്കും ശരീരത്തിലെ മറ്റു പ്രധാന പ്രവർത്തനങ്ങൾക്കും കാത്സ്യം ആവശ്യമാണ്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, സ്ഥിരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാം. 

ശരീരത്തിന് ആവശ്യമായ കാത്സ്യം ഭക്ഷണത്തിലൂടെ ലഭിക്കും. പാലും പാല്‍ ഉൽപന്നങ്ങളുമാണ് കാത്സ്യത്തിന്‍റെ ഏറ്റവും പ്രധാന ഉറവിടം. എന്നാല്‍ ചിലര്‍ക്ക് പാല്‍ ഉൽപന്നങ്ങള്‍ തീരെ താല്‍പര്യം ഉണ്ടാകില്ല. പാലില്‍ മാത്രമാണ് കാത്സ്യം അടങ്ങിയിട്ടുള്ളതെന്ന ധാരണ തീര്‍ത്തും തെറ്റാണെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് പൂജാ മഖീജ. അത്തരത്തില്‍ കാത്സ്യം അടങ്ങിയ ചില  ഭക്ഷണങ്ങളെ പരിചയപ്പെടാം. 

 

ഒന്ന്...

ചിയ വിത്തുകൾ അഥവാ ചിയ സീഡ്‌സ് ഇഷ്ടമാണോ? ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും ധാരാളമടങ്ങിയതാണ് ചിയ സീഡ്‌സ്. അതിനാല്‍ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാന്‍ ചിയ വിത്തുകൾ പതിവായി കഴിക്കാം. 

രണ്ട്...

നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് സോയാബീന്‍സ്. ശരീരത്തിന് കാത്സ്യം നല്‍കുന്ന ഒരു ആഹാരമാണ് സോയാബീന്‍സ് എന്ന് അധികമാര്‍ക്കും അറിയില്ല. 100 ഗ്രാം സോയാബീന്‍സില്‍ നിന്നും 27ശതമാനത്തോളം കാത്സ്യം ലഭിക്കുന്നു. 

മൂന്ന്...

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങ തുടങ്ങിയവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

നല്ല അളവിൽ കാത്സ്യം ലഭിക്കുന്ന പാൽ ഇതര വിഭവങ്ങളിൽ ഒന്നാണ് റാഗി എന്ന കാര്യം പലർക്കും അറിയില്ല. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയ റാഗി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും സഹായിക്കും.

അഞ്ച്...

ബദാം പോലുളള നട്സില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബദാമില്‍ ഏകദേശം 260 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: മഗ്നീഷ്യത്തിന്‍റെ അഭാവം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios