Asianet News MalayalamAsianet News Malayalam

'ശ്രദ്ധ വേണം': കേരളത്തിലെത്തുന്ന പാലില്‍ വ്യാപകമായി മായം...

എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ ഉപഭോക്താക്കള്‍ പരാതി നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ തന്നെ നിര്‍ദേശിക്കുന്നു. നേരത്തെ രാജ്യത്ത് പാലില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ട് എന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന ചില ടെസ്റ്റിംഗ് രീതികളെ കുറിച്ച് പ്രതിപാദിച്ചിരുന്നു. 

adulterated milk has supplied in kerala authorities informs hyp
Author
First Published Mar 24, 2023, 1:51 PM IST

ആരോഗ്യകരമായ ഡയറ്റില്‍ പാലിനുള്ള സ്ഥാനം എത്ര വലുതാണെന്ന് നമുക്ക് ആരും പറഞ്ഞുതരേണ്ടതില്ല. എല്ലാ ദിവസവും മഹാഭൂരിപക്ഷം വീടുകളിലും വാങ്ങി ഉപയോഗിക്കുന്നൊരു ഭക്ഷണപദാര്‍ത്ഥം കൂടിയാണ് പാല്‍. അനവധി ആരോഗ്യഗുണങ്ങളുള്ള പാല്‍, പക്ഷേ ഇന്ന് വ്യാപകമായി മായം ചേര്‍ക്കപ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുകയാണ്.

ഇത്തരത്തിലുള്ള വാര്‍ത്തകളാണ് ഏതാനും നാളുകളായി കേരളത്തിലും കേള്‍ക്കുന്നത്. കടുത്ത ആശങ്കയാണ് ഇത് ജനങ്ങള്‍ക്കിടയിലുണ്ടാക്കുന്നത്. കാരണം അത്രമാത്രം നിത്യജീവിതത്തില്‍ നാം ആശ്രയിക്കുന്നൊരു പദാര്‍ത്ഥമാണിത്.

ഇപ്പോഴിതാ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തുനിന്ന് എത്തിക്കുന്ന ചില കമ്പനികളുടെ പാലിലും മായം കലര്‍ന്നതായാണ് ക്ഷീരവികസന വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രമേഹത്തിലേക്ക് നയിക്കുന്ന 'മാള്‍ട്ടോഡെക്സ്ട്രിൻ', ആരോഗ്യത്തിന് വലിയ രീതിയില്‍ ഭീഷണി ആയേക്കാവുന്ന 'യൂറിയ', 'ഹൈഡ്രജൻ ഫെറോക്സൈഡ്' എന്നീ രാസ പദാര്‍ത്ഥങ്ങളാണത്രേ കേരളത്തില്‍ എത്തിയ പാലില്‍ കണ്ടെത്തിയിട്ടുള്ളത്. 

ദിവസങ്ങള്‍ക്ക് മുമ്പ് ആര്യങ്കാവ് ചെക്‍പോസ്റ്റില്‍ വച്ച് പിടികൂടിയ ലിറ്ററുകണക്കിന് പാലില്‍ 'ഹൈഡ്രജൻ പെറോക്സൈഡ്' കണ്ടെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചെക്പോസ്റ്റില്‍ ക്ഷീര വികസന വകുപ്പാണ് പാല്‍ പിടിച്ചെടുത്തിരുന്നത്. ഇതില്‍ മായമില്ലെന്നും ഉണ്ടെന്നുമുള്ള വാദങ്ങള്‍ നടക്കെയാണ് മായം കലര്‍ന്നിട്ടുണ്ടെന്ന സ്ഥിരീകരണവുമായി ലാബ് റിപ്പോര്‍ട്ട് വന്നത്.

സമാനമായ രീതിയില്‍ മായം കലര്‍ന്ന പാല്‍ പിന്നീടും സംസ്ഥാനത്തേക്ക് പലവട്ടം ഒഴുകിയെത്തിയെന്നതാണ് ക്ഷീരവികസനവകുപ്പ് നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും മായം കലര്‍ത്തുന്ന കമ്പനികളുടെ പാലോ പാലുത്പന്നങ്ങളോ കൂടുതല്‍ പരിശോധനകള്‍ കഴിയാതെ വിപണിയിലെത്തില്ല. എങ്കില്‍ പോലും ആശങ്ക വിട്ടൊഴിയുന്നില്ല. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ ഉപഭോക്താക്കള്‍ പരാതി നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ തന്നെ നിര്‍ദേശിക്കുന്നു. നേരത്തെ രാജ്യത്ത് പാലില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ട് എന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന ചില ടെസ്റ്റിംഗ് രീതികളെ കുറിച്ച് പ്രതിപാദിച്ചിരുന്നു. 

എഫ്എസ്എസ്ഐഐ നിര്‍ദേശിച്ച പൊടിക്കൈകള്‍...

വൃത്തിയുള്ള ചരിഞ്ഞ ഒരു പ്രതലത്തില്‍ പാല്‍ത്തുള്ളി ഇറ്റിക്കണം. ശുദ്ധമായ പാലാണെങ്കില്‍ ഇത് പതിയെ ആയിരിക്കുമത്രേ മുന്നോട്ട് നീങ്ങുക. ഒലിച്ച് നീങ്ങുന്നിടത്ത് പാലിന്‍റെ പാടും അവശേഷിക്കും. എന്നാല്‍ ശുദ്ധമായ പാല്‍ അല്ലെങ്കില്‍ പെട്ടെന്ന് ഒഴുകിയിറങ്ങുകയും ഒരു പാട് പോലും അവശേഷിപ്പിക്കുകയും ചെയ്യുകയുമില്ല. 

അതുപോലെ അഞ്ചോ പത്തോ മില്ലി-ലിറ്റര്‍ പാലും അത്ര തന്നെ അളവില്‍ വെള്ളവുമെടുത്ത് ചേര്‍ത്ത് നന്നായി യോജിപ്പിച്ച്- കുലുക്കി നോക്കണം. പാലില്‍ ചില  കെമിക്കലുകള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ വല്ലാതെ പത വരാം, അതേസമയം മായമില്ലെങ്കില്‍ സാധാരണനിലയിലുള്ള ചെറിയ അളവിലുള്ള പത മാത്രം കാണാം. 

ഇനി, രണ്ടോ മൂന്നോ മില്ലി-ലിറ്റര്‍ പാല്‍ അത്രയും തന്നെ വെള്ളം ചേര്‍ത്ത് ചൂടാക്കി ഇതൊന്ന് ആറിയ ശേഷം ഇതിലേക്ക് രണ്ട്- മൂന്ന് തുള്ളി ടിങ്ചര്‍ അയോഡിൻ ചേര്‍ത്ത് നോക്കാം. ഈ സമയത്ത് പാലില്‍ നീലനിറം പടരുന്നത് കാണുന്നുവെങ്കിലും പാലില്‍ മായമുള്ളതായി മനസിലാക്കാം. 

Also Read:- വന്ധ്യത പിടിപെടുമെന്ന പേടിയോ? എങ്കില്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍...

 

Follow Us:
Download App:
  • android
  • ios