Asianet News MalayalamAsianet News Malayalam

Easy Breakfast : രാത്രിയിലെ ചപ്പാത്തി ബാക്കിയുണ്ടോ? ഇതുവച്ച് എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം...

രാത്രിയില്‍ ചപ്പാത്തി ബാക്കിയായാല്‍ അത് പിറ്റേന്ന് രാവിലെ അങ്ങനെ തന്നെ കഴിക്കുന്നതിന് പകരം രുചികരമായ മറ്റൊരു വിഭവമാക്കിയാലോ? തീര്‍ച്ചയായും എല്ലാവരും കഴിക്കും. അത്തരമൊരു റെസിപിയാണിനി പങ്കുവയ്ക്കുന്നത്. 

an easy breakfast recipe with leftover chapatis
Author
Trivandrum, First Published Aug 16, 2022, 8:45 AM IST

രാത്രിയില്‍ ബാക്കിവരുന്ന ഭക്ഷണം മിക്കപ്പോഴും ഫ്രിഡ്ജിലേക്ക് കയറ്റി പിന്നീടെപ്പോഴെങ്കിലും എടുത്ത് ചൂടാക്കി കഴിക്കുന്നതാണ് മിക്കവരുടെയും രീതി. എന്നാല്‍ അത്താഴത്തിന് ചപ്പാത്തിയാണ് തയ്യാറാക്കുന്നതെങ്കില്‍ അതില്‍ ബാക്കി  വരുന്ന ചപ്പാത്തി നമ്മള്‍ ഫ്രിഡ്ജില്‍ വയ്ക്കാറില്ല, അല്ലേ? കാരണം ചപ്പാത്തി ഫ്രിഡ്ജില്‍ വച്ചാല്‍ അത് നല്ലരീതിയില്‍ പരുക്കനാകും. 

അധികവും പിറ്റേന്ന് രാവിലെ വെറുതെ പാനിലിട്ട് ഒന്ന് ചൂടാക്കി അത് കഴിക്കുന്നവരാണ് ഏറെയും. എങ്കിലും അധികപേര്‍ക്കും ഇതത്ര താല്‍പര്യമുണ്ടായിരിക്കില്ല. രാത്രിയില്‍ ചപ്പാത്തി ബാക്കിയായാല്‍ അത് പിറ്റേന്ന് രാവിലെ അങ്ങനെ തന്നെ കഴിക്കുന്നതിന് പകരം രുചികരമായ മറ്റൊരു വിഭവമാക്കിയാലോ? തീര്‍ച്ചയായും എല്ലാവരും കഴിക്കും. അത്തരമൊരു റെസിപിയാണിനി പങ്കുവയ്ക്കുന്നത്. 

പോഹ എന്നൊരു വടക്കൻ വിഭവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അവില്‍ വച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്. നമുക്കിത് ചപ്പാത്തി കൊണ്ടും ചെയ്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ. 

ഇതിന് ആകെ ആവശ്യമായിട്ടുള്ളത് ചപ്പാത്തി, സവാള, പച്ചമുളക്, ഇഞ്ചി, ഉരുളക്കിഴങ്ങ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, റോസ്റ്റഡ് കപ്പലണ്ടി, മല്ലിയില എന്നിവയാണ്. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 

ആദ്യമായി ചപ്പാത്തി ഒന്ന് ഗ്രൈൻഡ് ചെയ്തെടുക്കണം. ചെറുതാക്കി മുറിച്ചാലും മതി. ഇത് അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെയ്യാം. ഇത് മാറ്റിവച്ച ശേഷം ഒരു പാൻ ചൂടാക്കി അതില്‍ എണ്ണ പകര്‍ന്ന് കടുക് പൊട്ടിക്കാം. ഇതിലേക്ക് ചെുതാക്കി മുറിച്ചുവച്ച പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേര്‍ക്കുക. ഒന്ന് വഴറ്റിയെടുക്കുക. 

ഇതിലേക്ക് ചെറുതാക്കി മുറിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ക്കാം. വീണ്ടും നല്ലതുപോലെ ഇളക്കി ഒന്ന് വേവിക്കാൻ വിടാം. ഇനിയിതിലേക്ക് ഉപ്പ്, സവാള (ചെറുതായി അരിഞ്ഞത്), എന്നിവ കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. എല്ലാം പാകമായി വരുമ്പോള്‍ റോസ്റ്റഡ് കപ്പലണ്ടി ചേര്‍ക്കുക. 

ഇനി ഇതിലേക്ക് ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി- ആദ്യം മാറ്റിവച്ച ചപ്പാത്തി പൊടിച്ചത്/മുറിച്ചത് ചേര്‍ക്കാം. എല്ലാം നല്ലതുപോലെ യോജിച്ച് പരുവമായിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് വാങ്ങിയെടുക്കാം. ഉപ്പ് പാകത്തിന് ഇല്ലെങ്കില്‍ ചപ്പാത്തി ചേര്‍ക്കും മുമ്പ് തന്നെ ചേര്‍ത്ത് പാകമാക്കാം. പ്രത്യേകിച്ച് മറ്റ് കറികളൊന്നും വേണ്ടാത്തത് കൊണ്ടുതന്നെ എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റായി ഇത് തയ്യാറാക്കാൻ സാധിക്കും. തലേന്നത്തെ ഭക്ഷണം ഇഷ്ടമില്ലാതെ കഴിക്കുകയോ അത് കളയുകയോ ചെയ്യുന്ന സാഹചര്യവും ഒഴിവാക്കാം. 

Also Read:- കുട്ടികള്‍ക്കായി രുചികരമായ 'ഉരുളക്കിഴങ്ങ് ബ്രഡ് റോള്‍' തയ്യാറാക്കാം

Follow Us:
Download App:
  • android
  • ios