വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് പ്രധാനമായി ചെയ്യേണ്ടത്. 

രാത്രിയിലെ ഭക്ഷണം വൈകുന്നത് വണ്ണം വയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാല്‍ മിതമായി മാത്രം രാത്രി ഭക്ഷണം കഴിക്കാം. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. 

രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...

ഒന്ന്...

റെഡ് മീറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയവ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. വണ്ണം കൂടാനും ഇത് കാരണമാകും.

രണ്ട്...

രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവര്‍ ഉണ്ടാകാം. എന്നാല്‍ ചോറ് ദിവസവും ഒരു നേരം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. അതിനാല്‍ രാത്രി ചോറിന് പകരം ചപ്പാത്തിയോ ദോശയോ കഴിക്കാം.

മൂന്ന്...

ശീതളപാനീ​യങ്ങളും രാത്രി ഒഴിവാക്കുക. ഭൂരിഭാഗം ശീതളപാനീയങ്ങളും സോഡ അടങ്ങിയിട്ടുണ്ട്.  മാത്രമല്ല, പഞ്ചസാരയുടെ അളവും അധികമായിരിക്കും.  ഇത് ശരീരത്തിലെ കലോറിയുടെ അളവ് കൂട്ടും. 

നാല്...

കലോറിയുടെ കലവറയായ നട്സ് രാത്രി  കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകും. 

അഞ്ച്...

പിസ്സ പോലുള്ള ജങ്ക് ഫുഡും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. 

Also Read: ചുവന്ന അരിയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ?