ആരോഗ്യത്തിന് പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് വെളളം കുടിക്കുക എന്നത്. ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണിത്. ഭക്ഷണം ശരീരത്തില്‍ എത്തിയാലും ഇതു വേണ്ട വിധത്തില്‍ ദഹിക്കുവാനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതനുസരിച്ചു പോഷകം എത്തുന്നതിനും വെള്ളം അത്യാവശ്യമാണ്. ചില പ്രത്യേക ചേരുവകള്‍ വെള്ളത്തില്‍ ചേര്‍ക്കുന്നത് ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയാക്കുമെന്ന് തന്നെ പറയാം. ജീരകം, പതിമുഖം, തുളസിയില...ഇങ്ങനെ പല വസ്തുക്കളും ഇട്ട് വെള്ളം കുടിക്കുന്നവരുണ്ട്. മല്ലിയിട്ട് തിളപ്പിക്കുന്ന വെള്ളവും നമ്മൾ പലരും കുടിക്കാറുണ്ട്. പൊട്ടാസ്യം, അയേണ്‍, ‌വിറ്റാമിൻ എ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാത്സ്യം എന്നിവടയങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

1. പ്രതിരോധശേഷി വർദ്ധിപ്പിക്കാം...

രോഗപ്രതിരോധവ്യവസ്ഥ ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ബാക്ടീരിയയോ അല്ലെങ്കിൽ മറ്റേതെങ്കിലും വൈറൽ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.  

2. ദഹനം എളുപ്പമാക്കുന്നു...

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും.  രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ സഹായിക്കാൻ ഈ രണ്ട് ഗുണങ്ങളും സഹായിക്കും.

3. മുടിയെ ബലമുള്ളതാക്കുന്നു...

 മല്ലിയിൽ വിറ്റാമിൻ കെ, സി, എ തുടങ്ങിയ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും വളരെ പ്രധാനമാണ്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് മുടികൊഴിച്ചിലും പൊട്ടലും നിയന്ത്രിച്ച് ആരോഗ്യത്തോടെ മുടിയിഴകളെ‌ സംരക്ഷിക്കാൻ സഹായിക്കുന്നു.

4. ചർമ്മത്തെ സംരക്ഷിക്കുന്നു...

 രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും. ബ്ലാക്ക് ​ഹെഡ്സ്, മുഖത്തെ കറുത്തപാട് എന്നിവ അകറ്റാൻ മല്ലിയിട്ട വെള്ളം കുടിക്കാവുന്നതാണ്. 

രക്തസമ്മര്‍ദ്ദമകറ്റാന്‍ മല്ലി; ഉപയോഗിക്കേണ്ടത് ഇങ്ങനെ....