വിമത വിഭാഗം തങ്ങളാണ് യഥാർത്ഥ ടിഎംസി എന്ന് സ്പീക്കർക്ക് മുന്നിൽ അവകാശപ്പെടുമെന്ന് റിജു ദത്ത പറഞ്ഞു. ആകെ 80 തൃണമൂൽ എംഎൽഎമാരിൽ മൂന്നിൽ രണ്ടു പേരുടെയും പിന്തുണയുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
കൊൽക്കത്ത: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. അതേസമയം ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത ബാനർജി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മഹാരാഷ്ട്രയിലുണ്ടായ ശിവസേന മോഡൽ പിളർപ്പാണ് ബംഗാളിൽ നടക്കാൻ പോകുന്നതെന്ന് സസ്പെൻഷനിലായ തൃണമൂൽ നേതാവ് റിജു ദത്ത പറഞ്ഞു. 80 എംഎൽഎമാരിൽ 50 പേരുടെ പിന്തുണയോടെ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമത വിഭാഗം നീക്കം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് റിതബ്രത ബാനർജിയെയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയെയും തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നു. വിമത വിഭാഗം തങ്ങളാണ് യഥാർത്ഥ ടിഎംസി എന്ന് സ്പീക്കർക്ക് മുന്നിൽ അവകാശപ്പെടുമെന്ന് റിജു ദത്ത പറഞ്ഞു. ആകെ 80 തൃണമൂൽ എംഎൽഎമാരിൽ മൂന്നിൽ രണ്ടു പേരുടെയും പിന്തുണയുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. പ്രതിപക്ഷ നേതാവിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തൃണമൂൽ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. നേതാക്കളുടെ ദേഷ്യം മമതയ്ക്ക് എതിരെയല്ല, പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയാണെന്നാണ് വിമത നേതാക്കൾ പറയുന്നത്. ഞായറാഴ്ച മമത ബാനർജിയുടെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ടിഎംസിയുടെ 80 എംഎൽഎമാരിൽ 60 പേരും പങ്കെടുത്തില്ല. അസംതൃപ്തരായ ടിഎംസി എംഎൽഎമാരെ ഒപ്പം നിർത്താനും പാർട്ടി പിളർപ്പിൽ എത്താതിരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് മമത.
വ്യാജ ഒപ്പ് ആരോപണം
ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്ത് സ്പീക്കർക്ക് അയച്ച കത്തിൽ ചില ടിഎംസി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. തൃണമൂൽ എംഎൽഎമാരായ റിതബ്രത ബാനർജിയുടെയും സന്ദീപൻ സാഹയുടെയും പേരുകൾ സുവേന്ദു അധികാരി എടുത്തുപറഞ്ഞു. തങ്ങളുടെ വ്യാജ ഒപ്പിട്ടതായി ഇരുവർക്കും പരാതിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
രണ്ട് എംഎൽഎമാരെയും പിന്നാലെ തൃണമൂൽ കോണ്‍ഗ്രസ് പുറത്താക്കി. അഭിഷേക് ബാനർജിയാണ് വ്യാജ ഒപ്പിന് പിന്നിലെന്ന് സന്ദീപൻ സാഹ കുറ്റപ്പെടുത്തി. ബംഗാൾ സിഐഡി ഒപ്പ് വ്യാജമായി ചമച്ച കേസ് അന്വേഷിച്ചുവരികയാണ്. കേസിൽ നിരവധി തൃണമൂൽ നേതാക്കൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അഭിഷേക് ബാനർജിക്കും സമൻസ് അയച്ചു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂലിൽ അസ്വാരസ്യം രൂക്ഷമാവുകയാണ്. അവസാനം ഈ പാർട്ടിയിൽ അമ്മായിയും അനന്തരവനും (മമത ബാനർജിയും അഭിഷേക് ബാനർജിയും) മാത്രമേ അവശേഷിക്കൂവെന്നും മറ്റെല്ലാ നേതാക്കളും പാർട്ടി വിടുമെന്നും മന്ത്രി ദിലീപ് ഘോഷ് പരിഹസിച്ചു.


