ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ബ്രേക്ക്ഫാസ്റ്റ് ആണെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. പകല്‍ മുഴുവന്‍ ശാരീരികമായും മാനസികമായും നമ്മള്‍ എത്തരത്തില്‍ മുന്നോട്ടുപോകുമെന്ന് നിര്‍ണയിക്കുന്നത് തന്നെ പ്രഭാതഭക്ഷണമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍, പോഷകസമൃദ്ധമായ 'ഹെല്‍ത്തി' ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ടത് നിര്‍ബന്ധവുമാകുന്നു. 

ഇതിന് ഏറ്റവും ഉത്തമമായ ഒരു തെരഞ്ഞെടുപ്പാണ് പാകം ചെയ്യാത്ത പനീര്‍ (റോ പനീര്‍) എന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത് മുതല്‍ 'റോ' പനീറിനുള്ള ഗുണങ്ങള്‍ നിരവധിയാണ്. 

'റോ പനീര്‍' പ്രോട്ടീന്‍, ഫാറ്റ്, അയേണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളാലെല്ലാം സമ്പന്നമാണ്. ദീര്‍ഘനേരത്തേക്ക് വിശപ്പ് അുഭവപ്പെടാതിരിക്കാനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനും ഇത് സഹായിക്കുമത്രേ. 

150 മുതല്‍ 200 ഗ്രാം വരെയാണ് പ്രഭാതഭക്ഷണമായി കഴിക്കേണ്ട 'റോ' പനീറിന്റെ അളവ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പനീര്‍ മികച്ച 'ചോയ്‌സ്' ആണെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നു. 100 ഗ്രാം 'റോ' പനീറില്‍ 1.2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമാണുള്ളത്. അതിനാല്‍ വണ്ണം കൂടുമെന്ന ഭയത്താല്‍ ഭക്ഷണം നിയന്ത്രിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് 'റോ' പനീര്‍.

Also Read:- ബ്രേക്ക്ഫാസ്റ്റിന് ചൂട് 'പനീർ ദോശ' ഉണ്ടാക്കിയാലോ...