Asianet News MalayalamAsianet News Malayalam

ബിരിയാണി സത്യത്തില്‍ ആരോഗ്യത്തിന് വെല്ലുവിളിയോ അതോ നല്ലതോ?

കൊതി തോന്നുമ്പോഴെല്ലാം ബിരിയാണി വാങ്ങിക്കഴിക്കാനുള്ള സൗകര്യം ഇന്ന് ഏത് ചെറുപട്ടണത്തില്‍ പോലുമുണ്ട്. അധികം പേരും ബിരിയാണി തയ്യാറാക്കി കഴിക്കുന്നതിനെക്കാള്‍, വാങ്ങിച്ച് കഴിക്കുന്നത് തന്നെയാണ് ശീലം.

biryani is not a threat to health says study
Author
First Published Jan 13, 2023, 3:00 PM IST

ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഇഷ്ടം പറഞ്ഞാല്‍ തീരുന്നതല്ല. അത്രമാത്രം ആരാധകരുള്ളൊരു വിഭവമാണ് ബിരിയാണി. പരമ്പരാഗതമായി തന്നെ ബിരിയാണിക്ക് ഇത്രയധികം ആരാധകരുണ്ട് എന്നതാണ് സത്യം. പക്ഷേ മുൻകാലങ്ങളിലെല്ലാം വിശേഷാവസരങ്ങളിലും ആഘോഷങ്ങള്‍ക്കുമെല്ലാം മാത്രമായിരുന്നു ബിരിയാണിയെങ്കില്‍ ഇപ്പോഴത് അങ്ങനെയല്ല. 

കൊതി തോന്നുമ്പോഴെല്ലാം ബിരിയാണി വാങ്ങിക്കഴിക്കാനുള്ള സൗകര്യം ഇന്ന് ഏത് ചെറുപട്ടണത്തില്‍ പോലുമുണ്ട്. അധികം പേരും ബിരിയാണി തയ്യാറാക്കി കഴിക്കുന്നതിനെക്കാള്‍, വാങ്ങിച്ച് കഴിക്കുന്നത് തന്നെയാണ് ശീലം.

പക്ഷേ ബിരിയാണി പ്രിയര്‍ക്ക് പോലുമുള്ളൊരു പേടി എന്താണെന്ന് വച്ചാല്‍, ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലല്ലോ എന്ന ചിന്തയാണ്. ബിരിയാണി കഴിക്കുന്നത് വണ്ണം കൂട്ടാനും, വയര്‍ ചീത്തയാകാനുമെല്ലാം കാരണമാകും എന്നതിനാലാണ് ഇത് കഴിക്കുന്നതില്‍ നിന്ന് പലരും ഇഷ്ടമല്ലെങ്കില്‍ കൂടി പിൻവലിയുന്നത്. 

സത്യത്തില്‍ ബിരിയാണ് ആരോഗ്യത്തിനൊരു വെല്ലുവിളിയാണോ, അതോ ഇത് ആരോഗ്യത്തിന് നല്ലതാണോ? 

പുതിയൊരു പഠനം പറയുന്നത് ശ്രദ്ധിക്കൂ. 'ആഫ്രിക്കൻ ജേണല്‍ ഓഫ് ഫുഡ് സയൻസ് ആന്‍റ് ടെക്നോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഇവര്‍ പറയുന്നത് പ്രകാരം ബിരിയാണി ആരോഗ്യത്തിന് വെല്ലുവിളിയാകില്ല. എന്ന് മാത്രമല്ല, ഇതിന് ചില ഗുണങ്ങളുണ്ടെന്നുമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണങ്ങള്‍ അത് എന്തായാലും ശരീരത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. ഇത് ബിരിയാണിയുടെ കാര്യത്തിലും മറിച്ചല്ല. എന്നാല്‍ നാം തന്നെ തയ്യാറാക്കുന്ന ബിരിയാണിയാണെങ്കില്‍ അതിന് ഗുണങ്ങള്‍ പലതുമുണ്ടെന്നാണ് പഠനം പറയുന്നത്. 

ലോകത്തില്‍ തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഹൈദരാബാദ് ബിരിയാണിയാണ് പഠനത്തിനായി ഉപയോഗിച്ചതത്രേ. ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. 

ബിരിയാണിയില്‍ പല വിധത്തിലുള്ള പല സ്പൈസുകളും ചേര്‍ത്തിട്ടുള്ളതിനാല്‍ തന്നെ ഇത് ആന്‍റി-ഓക്സിഡന്‍റുകളാല്‍ സമ്പന്നമായിരിക്കും. ഉദാഹരണത്തിന് മഞ്ഞള്‍, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിങ്ങനെയുള്ള ചേരുവകള്‍ തന്നെ. ഇത്രയും ആന്‍റി-ഓക്സിഡന്‍റ്സ് വരുമ്പോള്‍ അത് പല അവയവത്തിന്‍റെയും പ്രവര്‍ത്തനത്തെ പോസിറ്റാവീയി സ്വാധീനിക്കാം. 

ബിരിയാണി ശരിയാംവിധം തയ്യാറാക്കിയതാണെങ്കില്‍ ഇത് ദഹനക്കുറവുണ്ടാക്കില്ലെന്ന് മാത്രമല്ല, ദഹനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. ഇതിനും പ്രധാനമായി ബിരിയാണിയില്‍ ചേര്‍ക്കുന്ന സ്പൈസുകള്‍ തന്നെയാണ് സഹായിക്കുന്നത്. 

പല ബാക്ടീരിയല്‍- വൈറല്‍ അണുബാധകളെ തടയുന്നതിന് ശരീത്തിന് പ്രാപ്തമാക്കുന്നതിനും മറ്റും ഏറെ സഹായകമായിട്ടുള്ള ഭക്ഷണമാണ് ബിരിയാണി എന്നും പഠനം പട്ടികപ്പെടുത്തിയിരിക്കുന്നു. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ധാരാളം ചേര്‍ക്കുന്നതിനാല്‍ വൈറ്റമിനുകള്‍ ലഭിക്കുന്നതിനും നല്ലൊരു സ്രോതസായിരിക്കും ബിരിയാണി. 

ഇതിനെല്ലാം പുറമെ, സ്പൈസുകളെ കൊണ്ട് കരളിനും ഗുണമുണ്ടാകാമെന്നാണ് പഠനം പറയുന്നത്.  എന്തായാലും മിതമായ അളവിലല്ല കഴിക്കുന്നതെങ്കില്‍ മറ്റ് ഏത് ഭക്ഷണം പോലെയും തന്നെയാണ് ബിരിയാണിയും ദഹനക്കേടും മറ്റ് അനുബന്ധപ്രശ്നങ്ങളും സൃഷ്ടിക്കുക. അതുപോലെ സമ്പന്നമായ കൂട്ട് ആയതിനാല്‍ ബിരിയാണി പതിവായി അമിതമായി കഴിക്കുന്നത് ഒരു വിഭാഗം പേരില്‍ വണ്ണം കൂട്ടാനും ഇടയാക്കും. മിതമായ അളവില്‍ കഴിക്കേണ്ട വിഭവങ്ങളില്‍ പെട്ടതാണ് ബിരിയാണിയും. അത് അങ്ങനെ തന്നെ ആസ്വദിച്ച് കഴിക്കുകയാണെങ്കിലാണ് ഇത്രയും ഗുണങ്ങളും പ്രയോജനപ്പെടുത്താൻ സാധിക്കുക. 

Also Read:- അമിതമായി ഭക്ഷണം കഴിക്കുന്നുവോ? വയര്‍ പ്രശ്നത്തിലാകാതിരിക്കാൻ ചെയ്യാവുന്നത്....

Follow Us:
Download App:
  • android
  • ios