ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഉത്പാദകരായ  ബ്രൂഡോഗ് ഇന്ത്യയില്‍ വലിയ തോതില്‍ പബ്ബുകള്‍ തുടങ്ങുന്നു. 35 പബ്ബുകള്‍ തുടങ്ങാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യത്തിലെത്തുമെന്നാണ് സ്കോട്ടിഷ് ബ്രൂവറി കമ്പനി വ്യത്തങ്ങള്‍ പറയുന്നത്. ബിയര്‍ ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ കണ്ണുവയ്ക്കുന്നത്.

ആദ്യ പബ്ബ് ഈ മാസം തന്നെ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബ്രൂഡോഗ് ഇന്ത്യ സി ഇ ഒ സിദ്ധാര്‍ത്ഥ് റാസ്തോഗി വ്യക്തമാക്കി. ഇന്ത്യക്ക് വേണ്ടി പ്രത്യേക പദ്ധതികളുമായാണ് ബ്രൂഡോഗ് പബ്ബുകള്‍ തുടങ്ങുന്നത്. ഗോതമ്പില്‍ നിന്നാകും ഏറിയപങ്കും ബിയര്‍ ഉത്പാദിപ്പിക്കുക.

ആദ്യ ഘട്ടത്തില്‍ വ്യാവസായിക ഉപയോഗത്തിനായി ഏറ്റവും വില്‍ക്കപ്പെടുന്ന പങ്ക് ഐപിഎ, ആഭ്യന്തര ഉപയോഗത്തിനായി ഗോതമ്പില്‍ നിന്നുള്ള ബിയര്‍ എന്നിവയടക്കം 22 ബ്രാന്‍ഡുകള്‍ ആരംഭിക്കും. ആദ്യമാസങ്ങളില്‍ ഇവ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. പിന്നീട് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ദില്ലിയും ബാംഗ്ലൂരുമടക്കമുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളിലടക്കം പബ്ബുകള്‍ തുടങ്ങുമെന്ന് കമ്പനി സി ഇ ഒ വ്യക്തമാക്കിയിട്ടുണ്ട്.