പ്രമേഹരോ​ഗികളോട് ഉയർന്ന പഞ്ചസാരയും ഉയർന്ന കലോറിയും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർ പറയാറുണ്ട്. കാരണം, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. പ്രമേഹരോഗികള്‍ക്ക് ഈന്തപ്പഴം കഴിക്കാമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. 

 ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് സർ ഗംഗാ റാം ആശുപത്രിയിലെ ന്യൂട്രീഷ്യനിസ്റ്റ് ഡോ. മുക്ത വസിഷ്ഠ പറയുന്നത്.

 ഇതിലെ മധുരം ആരോഗ്യകരമാണ്. ഇതിനാല്‍ തന്നെ മറ്റു കൃത്രിമ മധുരങ്ങളുടെ ദോഷം ഇതു വരുത്തുന്നില്ല. ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ്, അതായത് രക്തത്തിലേക്ക് പെട്ടെന്നു ഷുഗര്‍ കടന്ന് ഗ്ലൂക്കോസ് തോത് ഉയരുന്ന അവസ്ഥ, തീരെ കുറവാണ്. ഇതിനാല്‍ തന്നെ മിതമായ അളവില്‍, ദിവസം ഒന്നോ രണ്ടോ വീതം ഈന്തപ്പഴം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ദോഷം വരുത്തുന്നില്ല. മാത്രമല്ല, പ്രമേഹ രോഗികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഊര്‍ജ നഷ്ടവും ക്ഷീണവുമെല്ലാം അനുഭവപ്പെടുവാന്‍ സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. ഇത് പെട്ടെന്നു തന്നെ ശരീരത്തിന് ഊര്‍ജം ലഭ്യമാക്കുന്നുവെന്നും ഡോ. മുക്ത പറഞ്ഞു. 

കരളിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഈന്തപ്പഴം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത് ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വിറ്റാമിന്‍ ഇയാണ് ഈ ഗുണം നല്‍കുന്നതെന്നും അവർ പറഞ്ഞു.

മാത്രമല്ല, അനീമിയ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഈന്തപ്പഴം. അയേണ്‍ സമ്പുഷ്ടമാണ്. വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും നാലോ അഞ്ചോ ഈന്തപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണെന്നും വിദ​ഗ്ധർ പറയുന്നു.

പ്രമേഹരോ​ഗികൾ ഭക്ഷണക്രമത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ്. എന്നാൽ, പ്രമേഹമുള്ളവർ അളവു നിയന്ത്രിച്ചു മൂന്നു നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉൾപ്പെടുത്തുകയും വേണമെന്നും വിദ​ഗ്ധർ പറയുന്നു. 

ഈ കൊവിഡ് കാലത്ത് ഡെങ്കിപ്പനി പിടിപെടാതെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ