കോണ്‍ഫ്‌ളേക്‌സ് ഇന്നത്തെ കാലത്ത് മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറിയിരിക്കുകയാണ്. ചിലർ പ്രഭാതഭക്ഷണമായി കോണ്‍ഫ്‌ളേക്‌സ് കഴിച്ച് വരുന്നു. എന്നാല്‍ ശരിക്കും കോണ്‍ഫ്‌ളേക്‌സ് പോലുള്ളവ പ്രാതലിനു കഴിക്കുന്നത് ആരോഗ്യകരമാണോയെന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ട കാര്യമാണ്.

ചോളം, പഞ്ചസാര, കോൺ സിറപ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ എന്ന് പറയുന്നത്. ഇവയിൽ മിക്കതിലും ഗ്ലൈസമിക് സൂചികയുടെ അളവ് കൂടുതലാണ്. ഉയർന്ന ജിഐ കാർബോഹൈഡ്രേറ്റുകളുടെ ഉപയോഗം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, കോണ്‍ഫ്‌ളേക്‌സ് പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത് നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കോണ്‍ഫ്‌ളേക്‌സ് ആരോഗ്യകരമായ ഭക്ഷണം എന്ന് പറയാനാകില്ല.

 

 

ഒരു കപ്പ് കോണ്‍ഫ്‌ളേക്‌സിൽ 1.7 ഗ്രാം പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. പ്രോട്ടീൻ കുറവുള്ള ഭക്ഷണങ്ങൾ വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയില്ല.  കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ഉയർന്ന ഗ്ലൈസമിക് ഭക്ഷണം എന്ന വിഭാഗത്തിൽ പെടുന്നു. അത് കൊണ്ട് തന്നെ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യാം.

82 ആണ് കോണ്‍ഫ്‌ളേക്സിന്റെ ഗ്ലൈസമിക് സൂചിക.  ഉയർന്ന ഗ്ലൈസമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർന്ന അളവിൽ ഉത്പാദിപ്പിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ബ്രേക്ക്ഫാസ്റ്റിൽ കോണ്‍ഫ്‌ളേക്സിന് പകരം ഓട്സ് തിരഞ്ഞെടുക്കാവുന്നതാണ്. പാട നീക്കിയ കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് ഓട്സ് കഴിക്കാവുന്നതാണ്. അതിൽ തന്നെ ആപ്പിൾ, ബെറിപ്പഴങ്ങൾ എന്നിവയും   ചേർക്കാം.