ദില്ലി: ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെ വ്യത്യസ്തമായി സ്വാ​ഗതം ചെയ്തിരിക്കുകയാണ് തമിഴ്നാട് തേനി സ്വദേശി ഇളഞ്ചേശൻ. തണ്ണിമത്തനിൽ ട്രംപിന്റെയും മോദിയുടെയും ചിത്രങ്ങൾ കൊത്തിയെടുത്ത്, പിന്നിൽ പ്രണയകുടീരമായ താജ്മഹലിനെ പശ്ചാത്തലമാക്കി സർ​ഗാത്മകമായിട്ടാണ് ഇളഞ്ചേശൻ ട്രംപിനെ വരവേൽക്കുന്നത്. ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾസ് കാർവിം​ഗ് ആർട്ടിസ്റ്റാണ് ഇളഞ്ചേശൻ. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ട്രംപും ഭാര്യ മെലാനിയ ട്രംപും നയിക്കുന്ന 12 അംഗ യുഎസ് സംഘം തിങ്കളാഴ്ചയാണ് ഇന്ത്യയിൽ സന്ദർശനത്തിനായി എത്തുന്നത്. അഹമ്മദാബാദിൽ വിമാനമിറങ്ങുന്ന ട്രംപ് അഹമ്മദാബാദിനു പുറമേ ആഗ്ര, ന്യൂഡൽഹി എന്നീ സ്ഥലങ്ങളും സന്ദർശിക്കും.

''നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് അറിയാൻ ട്രംപ് രണ്ടു ദിവസത്തേക്ക് ഇന്ത്യ സന്ദർശിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏകദേശം രണ്ടു മണിക്കൂർ സമയം ചെലവാക്കിയാണ് താജ് മഹലിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെയും ട്രംപിന്‍റെയും രൂപങ്ങൾ തണ്ണിമത്തനിൽ കൊത്തിയെടുത്തത്.'' ഇളഞ്ചേശൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും കഴിഞ്ഞവർഷം തമിഴ് നാട് സന്ദർശിച്ചപ്പോഴും അവരുടെ രൂപങ്ങൾ ഇളഞ്ചേശൻ തണ്ണിമത്തനിൽ കൊത്തിയിരുന്നു. 

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നമസ്തേ ട്രംപ് പരിപാടിക്കായി അഹമ്മദാബാദ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിക്കായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ മൂന്ന് തലത്തിലാണ് സുരക്ഷ. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവയ്ക്ക് ഒപ്പം ആയുധധാരികളായ ഇന്ത്യൻ സൈനികരും സുരക്ഷക്കായി അണിനിരക്കും. സീക്രട്ട് സര്‍വീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങള്‍ വാഷിങ്ങ്ടണില്‍നിന്ന് കഴിഞ്ഞദിവസം അഹമ്മദാബാദില്‍ എത്തിച്ചിരുന്നു.