കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ചുവന്ന മാംസം , എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.  

കൊളസ്‌ട്രോളിന്‍റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഭക്ഷണശീലത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, ചുവന്ന മാംസം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. 

കശുവണ്ടി പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇവയില്‍ ഉയർന്ന അളവില്‍ മഗ്നീഷ്യം ഉള്ളതിനാൽ ഹൃദ്രോഗം തടയാനും കഴിയും. മഗ്നീഷ്യം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നാണ് അറിയപ്പെടുന്നത്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കശുവണ്ടിയിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്. വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്.

കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല പല്ലുകൾക്കും എല്ലുകള്‍ക്കും ബലം നൽകാനും മഗ്നിഷ്യം അനിവാര്യമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും കശുവണ്ടി കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പൊട്ടാസ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

youtubevideo