പലര്‍ക്കും ഇഷ്ടാനുസരണം അച്ചാര്‍ കഴിക്കാന്‍ പേടിയാണ്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന താക്കീത് തന്നെയാണ് അവരെ കഴിക്കുന്നതില്‍ നിന്ന് സ്വയം വിലക്കുന്നത്. സത്യത്തില്‍ അച്ചാര്‍ അത്രയ്ക്ക് പേടിക്കേണ്ട വിഭവമാണോ? പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പക്ഷേ, വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഈ വിഷയത്തില്‍ പങ്കുവയ്ക്കുന്നത്

ഇന്ത്യന്‍ രുചിക്കൂട്ടുകളില്‍ എടുത്തുപറയേണ്ട ഒന്നാണ് അച്ചാറുകള്‍. ഏതെങ്കിലോ ഒന്നോ രണ്ടോ കൂട്ടം അച്ചാര്‍ പതിവായി ഇല്ലാത്ത വീടുകള്‍ തന്നെ നമ്മുടെ നാട്ടിലുണ്ടാകില്ല. അത്രമാത്രം നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായ വിഭവമാണ് അച്ചാര്‍. 

പക്ഷേ സംഗതി ഇങ്ങനെയെല്ലാമാണെങ്കിലും പലര്‍ക്കും ഇഷ്ടാനുസരണം അച്ചാര്‍ കഴിക്കാന്‍ പേടിയാണ്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന താക്കീത് തന്നെയാണ് അവരെ കഴിക്കുന്നതില്‍ നിന്ന് സ്വയം വിലക്കുന്നത്. സത്യത്തില്‍ അച്ചാര്‍ അത്രയ്ക്ക് പേടിക്കേണ്ട വിഭവമാണോ? പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പക്ഷേ, വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഈ വിഷയത്തില്‍ പങ്കുവയ്ക്കുന്നത്. 

നമ്മുടെ ആരോഗ്യത്തിന് അടിസ്ഥാനപരമായ പല ഗുണങ്ങളും അച്ചാര്‍ കഴിക്കുന്നത് കൊണ്ട് ഉണ്ടാകുമെന്നാണ് ഇവരുടെ വാദം. വയറ്റില്‍ കാണപ്പെടുന്ന ശരീരത്തിന് അവശ്യം വേണ്ട ബാക്ടീരികളുടെ ഉത്പാദനം, നിലനില്‍പ് എന്നിവയ്ക്കും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, കാഴ്ചശക്തി ത്വരിതപ്പെടുത്താനുമെല്ലാം അച്ചാറിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായകമാണെന്നാണ് രുജുത അവകാശപ്പെടുന്നത്. 

അച്ചാറിനെ കുറിച്ച് പ്രചരിക്കാറുള്ള ചില വാദങ്ങള്‍ തെറ്റാണെന്നും രുജുത പറയുന്നു. അത്തരത്തില്‍ അവര്‍ തിരുത്തുന്ന ചില കാഴ്ചപ്പാടുകള്‍ ഇതാ...

ഒന്ന്...

അച്ചാര്‍ നിറയെ ഉപ്പും എണ്ണയുമാണ്. രണ്ടും ആരോഗ്യത്തിന് അത്ര നന്നല്ല എന്ന തരത്തില്‍ ധാരാളം പേര്‍ പറയാറുണ്ട്. എന്നാല്‍ വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് രണ്ടും ആവശ്യമാണെന്നാണ് രുജുത ചൂണ്ടിക്കാട്ടുന്നത്. 

രണ്ട്...

അച്ചാറിലടങ്ങിയിരിക്കുന്ന ഉപ്പ് രക്തസമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്ന പ്രചാരണത്തിനും ഇവര്‍ക്ക് മറുപടിയുണ്ട്. മോശം ജീവിതശൈലിയും മോശം ഡയറ്റും സൂക്ഷിക്കുന്നവരിലാണ് രക്തസമ്മര്‍ദ്ദത്തിന് സാധ്യതകളേറെയുള്ളത്. പ്രോസസ്ഡ് ഭക്ഷണം, പാക്കറ്റ് ഭക്ഷണമെല്ലാം ധാരാളം കഴിക്കുന്നവരില്‍. അച്ചാര്‍ അത്രയൊന്നും പ്രശ്‌നങ്ങളുണ്ടാക്കുന്ന വിഭവമേയല്ല. മാത്രമല്ല, അച്ചാറുണ്ടാക്കുമ്പോള്‍ 'പ്രോസസ്' ചെയ്യാത്ത ഉപ്പ് ഉപയോഗിക്കുകയും വേണം. 

മൂന്ന്...

അച്ചാറില്‍ ധാരാളം എണ്ണയുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് അത്ര നന്നല്ല എന്ന വാദവും നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്നത് അച്ചാറിലെ എണ്ണയല്ല, മറിച്ച് മുകളില്‍ സൂചിപ്പിച്ചത് പോലെ അനാരോഗ്യകരമായ ഡയറ്റും ജീവിതരീതികളം ആണെന്ന് രുജുത പറയുന്നു. പരമ്പരാഗതമായി നമ്മള്‍ ഉപയോഗിച്ചുപോരുന്ന എണ്ണ തന്നെ അച്ചാറിന് വേണ്ടി ഉപയോഗിച്ചാല്‍ മതിയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

നാല്...

അച്ചാര്‍ എന്തെല്ലാം പറഞ്ഞാലും അത്ര നന്നല്ല- ഏറ്റവും ഒടുവിലായി മിക്കവരും പറഞ്ഞുനിര്‍ത്തുന്നത് ഇങ്ങനെയാണ്. എന്നാല്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ അച്ചാര്‍ ശരീരത്തിന് ഗുണകരമേ ആകൂ എന്നാണ് രുജുതയുടെ വിലയിരുത്തല്‍. എന്നാല്‍ അമിതമായി അച്ചാര്‍ കഴിക്കുകയും അരുതെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഒന്ന് മുതല്‍ രണ്ട് സ്പൂണ്‍ വരെ അച്ചാര്‍ ദിവസത്തില്‍ കഴിക്കാമെന്നാണ് രുജുത നിര്‍ദേശിക്കുന്നത്.

Also Read:- കിടുക്കന്‍ രുചി, ശരീരത്തിനും ഗുണം; എളുപ്പത്തിലുണ്ടാക്കാം ആന്ധ്ര സ്‌പെഷ്യല്‍ അച്ചാര്‍...