കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിലുള്ള ഒരു സ്മൂത്തി തയ്യാറാക്കിയാലോ...ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി തയ്യാറാക്കിയാലോ?

ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്ന് ഓട്‌സ്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓട്സ്. ദിവസവും ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഓട്‌സിന് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനാകുമെന്ന് പബ്‌മെഡ് സെൻട്രൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു. 

ഓട്സ് വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഓട്സ് ദോശ, ഓട്സ് ഉപ്പുമാവ്, ഓട്സ് പുട്ട് തുടങ്ങിയ വിഭവങ്ങൾ ഓട്സ് കൊണ്ട് തയ്യാറാക്കാറുണ്ടോ. എങ്കിൽ ഇനി മുതൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചിയിലുള്ള ഒരു സ്മൂത്തി തയ്യാറാക്കിയാലോ...ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

വാഴപ്പഴം 1 എണ്ണം(നന്നായി പഴുത്തത്, ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വയ്ക്കുക)
ഓട്സ് അരക്കപ്പ്
ചിയ സീഡ് 1 ടീസ്പൂൺ
കൊക്കൊ പൗഡർ 2 ടീസ്പൂൺ
തേൻ 2 ടീസ്പൂൺ
പാൽ അരക്കപ്പ്

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിൽ വാഴപ്പഴം, ഓട്സ്, ചിയ വിത്ത്, കൊക്കോ പൗഡർ, തേൻ എന്നിവ പാൽ ചേർത്ത് നന്നായി അടിച്ചെടുക്കുക. പേസ്റ്റായി കഴിഞ്ഞാൽ വാഴപ്പഴം, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ എന്നിവ കൊണ്ട് അലങ്കരിച്ച് കഴിക്കാവുന്നതാണ്. ആവശ്യമുള്ളവർക്ക് നട്സോ ചോക്ലേറ്റ് സിറപ്പ് വേണമെങ്കിലും ഇതിൽ ചേർക്കാം. വളരെ ഹെൽത്തിയായൊരു സ്മൂത്തിയാണിത്. 

ഹെൽത്തിയായൊരു സൂപ്പായാലോ, തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്